മണിയുടെ മരണം; സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയരാക്കിയേക്കും

By Web DeskFirst Published Jun 28, 2016, 2:12 AM IST
Highlights

ഹൈദരാബാദ് കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിൽ മെഥനോൾ മൂലമാണ് കലാഭവൻ മണിയുടെ മരണം സംഭവിച്ചതെന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. എന്നാൽ മെഥനോൾ എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് മണി അബോധാവസ്ഥയിലാവുന്നതിന്‍റെ തലേ ദിവസം പാടിയിലുണ്ടായിരുന്ന മണിയുടെ സുഹൃത്തുക്കളെയും ജീവനക്കാരെയും നുണപരിശോധനക്ക് വിധേയരാക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്. അന്ന്  പാടിയിലെത്തിയവരാണ് മണിയെ അപായപ്പെടുത്തിയതെന്നാണ്  മണിയുടെ കുടുംബത്തിന്‍റെ ആരോപണം.

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറിന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചും പൊലീസുമടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിന് ചുക്കാൻ പിടിച്ചിരുന്ന പി.എൻ ഉണ്ണിരാജനും കെ. സുദര്‍ശനുമടക്കമുള്ള സംഘത്തിലെ പ്രധാനികളെല്ലാം തന്നെ തൃശൂരിൽ നിന്ന് സ്ഥലം മാറുകയും ജിഷ കേസിന്‍റെ ചുമതലയിലുമായി. ഇതിനിടെ മണിയുടെ കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം സിബിഐക്ക് വിടാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. ഇതോടെ അന്വേഷണം ഇഴ‍‍ഞ്ഞു നീങ്ങുകയാണെന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് തൃശൂര്‍ റൂറൽ എസ്.പി ആര്‍ നിശാന്തിനിക്ക് അന്വേഷണ ചുമതല കൈമാറിയത്.

click me!