
തൃശൂര്‍: ഫോണിൽ വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതിയിൽ മുഹമ്മദ് നിസാമിനെതിരെ ഇന്ന് കേസെടുത്തേക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിഷാം വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി നൽകിയ നിഷാമിന്റെ സഹോദരങ്ങളുടെയും നിസാമിന് മൊബൈൽ ഫോൺ എത്തിച്ച് നൽകിയ സുഹൃത്ത് ഷിബിന്റെയും മൊഴി രേഖപ്പെടുത്തി. നിസാം പതിവായി ഫോൺ വിളിക്കാറുണ്ടെന്നും ബിസിനസ് കാര്യങ്ങളെ ചൊല്ലിയുള്ള തർക്കം മൂലം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരങ്ങൾ മൊഴി നൽകി.
ടി. പി വധക്കേസിലെ പ്രതികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് ആക്രമിക്കുമെന്നായിരുന്ന ഭീഷണിയെന്നുമാണ് സഹോദരങ്ങളായ അബ്ദുൾ റസാഖിന്റെയും, അബ്ദുൾ നിസാറിന്റെയും മൊഴി. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയിൽ നിസാമിന് മൊബൈൽ ഫോൺ എത്തിച്ച് നൽകിയെന്ന് യാത്രയിൽ അകമ്പടി സേവിച്ച സുഹൃത്ത് ഷിബിൻ സമ്മതിച്ചു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിവൈ.എസ്.പി തൃശൂർ റൂറൽ എസ്.പി ആർ. നിശാന്തിനിക്ക് കൈമാറും. തെളിവുകളും മൊഴികളുമെല്ലാം നിസാമിനെതിരായതിനാൽ പുതിയൊരു കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടന്നേക്കും. അതേസമയം, കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും.
നിസാമിന് ജയിലിൽ സുഖസൗകര്യം ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതിയിൽ കേസെത്തുമ്പോൾ വിചാരണ കോടതിയിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സി. പി. ഉദയഭാനുവിനെ തന്നെ നിയോഗിക്കണമെന്നും ആവശ്യപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam