
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി മുരുകനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് പരാതി. മോഷണക്കേസ് പ്രതിയെന്ന് സംശയിച്ച് മുരുകനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ മുരുകന്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇടുക്കി വണ്ടിപെരിയാറില്‍ മുരുകന്റെ ബന്ധുവായ രാജേഷിന്‍റെ വീട്ടില്‍ രാത്രി പൊലീസ് എത്തി മുരുകനാരാ എന്ന് ചോദിച്ചു. ഞാനാണ് മുരുകന്‍ എന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് ചോദിച്ചതിന് അസഭ്യവര്‍ഷവും മര്‍ദ്ദനവുമായിരുന്നു മറുപടിയെന്ന് മുരുകന്‍ പറയുന്നു. സെല്‍വരാജിന്റെ മകന്‍ മുരുകനെ തേടിയാണ് പൊലീസ് എത്തിയത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തത് ഇണ്ടന്‍ചോല പാറയ്‌ക്കല്‍ വീട്ടില്‍ സുബയ്യയുടെ മകന്‍ മുരുകനെ.
വീട്ടില്‍ നിന്ന് വിളിച്ചിറക്കിയപ്പോള്‍ തുടങ്ങിയ മര്‍ദ്ദനം സ്റ്റേഷനില്‍ എത്തിയും തുടര്‍ന്നെന്ന് മുരുകന് പറയുന്നു. വിവസ്‌ത്രനാക്കി നാഭിക്കിട്ട് ചവിട്ടി മര്‍ദ്ദിച്ച് അവശനനാക്കി. സ്റ്റേഷനിലെത്തിയ ഭാര്യയെയും മകളെയും ആദ്യം മുരുകനെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് കാണുമ്പോള്‍ മുരുകന്‍ വിവസ്‌ത്രനായാണ് ലോക്കപ്പില്‍ നിന്നിരുന്നതെന്ന് ഭാര്യ പറഞ്ഞു. അവസാനം തങ്ങളന്വേഷിക്കുന്നയാളല്ല ലോക്കപ്പിലുള്ളതെന്ന് തിരിച്ചറിഞ്ഞ പൊലീസ് മുരുകനെ മോചിപ്പിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചാല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും മുരുകന്‍ പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ നില്‍ക്കാന്‍ പേടിച്ച് പെരുമ്പാവൂരിലെ ഭാര്യവീട്ടിലെത്തിയ മുരുകന്‍ ദേഹം മുഴവന്‍ വേദനയുമായി പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ 2007ലെ ഒരു കേസിന്റെ കാര്യം അറിയാനാണ് മുരുകനെ വിളിപ്പിച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും വണ്ടിപ്പെരിയാര്‍ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam