
സമ്പത്തും ഐശ്വര്യവും വാഗ്ദാനം ചെയ്ത് റൈസ് പുള്ളര്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിച്ചയാളെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇറീഡിയം അടങ്ങിയ ലോഹത്തിന് വിദേശ രാജ്യങ്ങളില്‍ 20 ലക്ഷം കോടി രൂപയിലധികം വിലയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ആന്ധ്ര സ്വദേശി മദന മോക്ഷ രാജുവിനെയാണ് കാലടി പൊലീസ് അറസ്റ്റു ചെയ്തത്. അത്ഭുത സിദ്ധിയുള്ള ഇറീഡിയം അടങ്ങിയ ചെമ്പുകുടം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാജു ഇടപാടുകാരെ സമീപിച്ചിരുന്നത്. പിന്നീട് ഇറിഡീയം ലോഹത്തിന്റെ ശക്തിയില്‍ അരിമണികള്‍ ആകര്‍ഷിച്ച് ഇടപാടുകാരുടെ വിശ്വാസം പിടിച്ചുപറ്റും. ഇറീഡിയത്തിന്റെ ശക്തി അനുസരിച്ചാണ് രാജു റൈസ്‌പുള്ളറിന്റെ വില ഈടാക്കിയിരുന്നത്.
എം.ബി.എ ബിരുദദാരിയായ മദന മോക്ഷ രാജു യഥാര്‍ത്ഥ മേല്‍വിലാസം മറച്ചുവച്ച് ജോണ്‍ മില്‍ട്ടന്‍ എന്ന വ്യാജപേരിലാണ് ഇടപാടുകാരെ സമീപിച്ചിരുന്നത്. ജോണ്‍മില്‍ട്ടന്‍ എന്ന പേരില്‍ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കി ഫോണ്‍ കണക്ഷനും എടുത്തിരുന്നു. ഈ നമ്പറില്‍ നിന്നാണ് ഇടപാടുകാരെ വിളിച്ചിരുന്നത്.
വിശ്വാസ്യതയ്‌ക്കായി ആഡംബര ഹോട്ടലില്‍ താമസിച്ച് യോഗങ്ങള്‍ സംഘടിപ്പിച്ചും വാചാലമായി സംസാരിച്ചുമാണ് രാജു ആളുകളെ വലയിലാക്കിയിരുന്നത്.
നിക്ഷേപിക്കുന്ന തുകയ്‌ക്ക് 100 ഇരട്ടി വരെ തുക തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഹൈദരാബാദിലെ മാക്‌സി സൊലൂഷന്‍സ് എന്ന സ്ഥാപനം റൈസ് പുള്ളര്‍ തിരികെ വാങ്ങുമെന്നും വിദേശ രാജ്യങ്ങളില്‍ ഇതിന് വന്‍ ഡിമാന്‍ഡാണെന്നും 20 ലക്ഷം കോടി രൂപയിലധികം വിലയുണ്ടെന്നും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
കാലടി സ്വദേശിയുടെ പരാതിയെ തുര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍ നിന്നുമാണ് പ്രതിയെ പിടി കൂടിയത്. കേരളത്തിനകത്തും പുറത്ത് നിന്നുമായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. സിനിമാ മേഖലയില്‍ ഉള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ജി.വേണുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ എറണാകുളം റൂറല്‍ എസ്‌പി നിര്‍ദ്ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam