
കോട്ടയം: പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി അനുവദിച്ച 48 മണിക്കൂർ പൊലീസ് കസ്റ്റഡി ഇന്ന് ഉച്ചക്ക് 2 30 ന് കഴിയും. ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടാണ് പൊലീസിനുള്ളത്.
ഇതോടെ കോടതി ഇന്ന് ബിഷപ്പിനെ റിമാൻഡ് ചെയ്തേക്കും. പാലാ സബ് ജയിലിലായിരിക്കും ഫ്രാങ്കോ മുളയ്ക്കനെ അടയ്ക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടുകയാണെങ്കിൽ മാത്രമാകും മറ്റ് ജയിലിലേക്ക് മാറ്റുക. ശനിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ ഫ്രാങ്കോയെ ഇന്നലെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളിയാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപിച്ച പൊതു താൽപര്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam