
കൊച്ചി: പ്രാരംഭ വാദം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ഡിജിപി ജേക്കബ് തോമസിനെതിരെ തിടുക്കത്തില്‍ അന്വേഷണത്തിന് തയ്യാറായ സിബിഐ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. മതിയായ ഉദ്യോഗസ്ഥരില്ലെന്ന് ന്യായംപറഞ്ഞ് മാറാട് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ പോലും ഏറ്റെടുക്കാന്‍ വിസമ്മതിച്ച സിബിഐക്ക് ഒരു സര്‍വീസ് കേസില്‍ എന്ത് താല്‍പ്പര്യം എന്നതാണ് പ്രധാന ചോദ്യം. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പിന്നിലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
സംസ്ഥാന പൊലീസില്‍ നിന്ന് നീതികിട്ടുന്നില്ലന്ന് കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതി മുമ്പാകെ എത്തിയിട്ടുണ്ട്. രാഷ്ട്രീയ സമര്‍ദ്ദം മൂലം പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടിയുള്ള പരാതികളും ഇക്കൂട്ടത്തിലുള്‍പ്പെടും. ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ജയകൃഷ്ണന്‍ മാസ്റ്റര്‍വധക്കേസ് ,മാറാട് കൂട്ടക്കൊലക്ക് പിന്നലെ ഗൂഢാലോചന തുടങ്ങിയവ ഇത്തരത്തില്‍ സിബിഐ അന്വേഷണത്തിന് മുറവിളി ഉയര്‍ന്നവയാണ്.
എന്നാല്‍ ഇതെല്ലാം സിബിഐ തള്ളിക്കളഞ്ഞു. ദേശീയ പ്രാധാന്യമുള്ളതോ സംസ്ഥാനന്തര ബന്ധമുള്ളതോ ആയ കേസുകള്‍ മാത്രമേ അന്വേഷിക്കാന്‍ കഴിയു എന്നായിരുന്നു സിബിയുടെ നിലപാട്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ന്യായവും നിരത്തി. ഇതേ സിബിഐ തന്നെയാണ് ഒരു സര്‍വീസ് കേസ് അന്വേഷിക്കാമെന്ന് തിടുക്കപ്പെട്ട് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിബിഐയുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും ഇത് തന്നെ.
അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രാരംഭവാദം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പാണ് സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തത് എന്നതും ശ്രദ്ധേയമാണ്.ഈ സാഹചര്യത്തിലാണ് ഏതെങ്കിലും തലത്തിലുള്ള രാഷ്ട്രീയ സമര്‍ദ്ദം സിബിഐ തീരുമാനത്തിന് പിന്നിലുണ്ടോയെന്ന സംശയം ഉയര്‍ത്തുന്നത്. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്ന് മാറേണ്ടി വരും. ഇതോടെ ബാര്‍ കേസും ബന്ധു നിയമനവും ഉള്‍പ്പെടെ വന്‍ രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളുടെ ഭാവി പെരുവഴിയിലുമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam