
തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചത് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ ആദ്യഘട്ട അന്വേഷണത്തിൽ ലഭിച്ച തെളിവാണ് നിർണായകമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ്.അധികാരത്തില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു സുകുമാരക്കുറുപ്പ് കൂടിയുണ്ടാകുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
രാഷ്ട്രീയകൊടുങ്കാറ്റായും ആഞ്ഞുവീശിയ ജിഷാകേസിലെ പ്രതിയെ പിടിച്ചത് പിണറായി സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അഴിമതി ആരോപണത്തിൽ തളർന്ന ഉമ്മൻ ചാണ്ടി സർക്കാർ, തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കൂടുതൽ പ്രതിരോധത്തിലായതും ജിഷാ കേസിന്റെ പേരിലായിരുന്നു. പ്രധാനമന്ത്രിവരെ സർക്കാറിനെതിരെ ആഞ്ഞടിച്ചു. ജിഷയുടെ മരണം രാഷ്ട്രീയ ആയുധമാക്കിയ എൽഡിഎഫ് ഭരണത്തിലെത്തിയതിന് പിന്നാലെ പ്രതിയെ പിടിച്ചതും നേട്ടമാക്കാനുള്ള ഒരുക്കത്തിലാണ്. അന്വേഷണ സംഘത്തെ മാറ്റാനെടുത്ത ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനം ഫലം കണ്ടത് ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള പിണറായിയുടെ വ്യക്തിപരമായ നേട്ടം കൂടിയായി അവര്‍ വിലയിരുത്തുന്നു.
എന്നാൽ പ്രതിയെ പിടിച്ചതിൽ വഴിത്തിരിവായ ചെരുപ്പ് തന്നെ ആയുധമാക്കിയാണ് പ്രതിപക്ഷം തിരിച്ചടിക്കുന്നത്. തന്റെ കാലത്തെ അന്വേഷണത്തെ വിമർശിച്ചവർ, മറുപടി പറയണമെന്നാണ് മുൻ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ ആവശ്യം. രാജ്യത്തെ ഞെട്ടിച്ച കേസിലെ പ്രതിയെ പിടിച്ചതിന്റെ ക്രെഡിറ്റ് അടിക്കാനും നടക്കുന്നത് രാഷ്ട്രീയപോര്. എന്നാൽ മറ്റൊരു ജിഷ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് കേരളം ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam