മിന്നലാക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വിട്ടതിനെ ചൊല്ലി രാഷ്ട്രീയപോര്

By Web DeskFirst Published Jun 28, 2018, 1:08 PM IST
Highlights
  • സൈനികരുടെ രക്തസാക്ഷിത്വത്തിന്‍റെ മറവില്‍ വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് 

ദില്ലി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ടതിനെ ചൊല്ലി വിവാദം. സൈനികരുടെ രക്തസാക്ഷിത്വത്തിന്‍റെ മറവില്‍ വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ മിന്നലാക്രമണത്തെക്കുറിച്ച് അന്ന് സംശയം പ്രകടപ്പിച്ച കോണ്‍ഗ്രസ് തെളിവ് പുറത്ത് വന്നപ്പോള്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

കേന്ദ്ര സര്‍ക്കാരിനും അമിത് ഷായ്ക്കും എപ്പോഴെക്കൊ തിരിച്ചടി കിട്ടുന്നുവോ അപ്പോഴെല്ലാം സൈന്യത്തെ ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ പാപ്പരത്തമാണ് കോണ്‍ഗ്രസിന്‍റേത്. ജനം ഇത് തിരിച്ചറിയുമെന്ന് കേന്ദ്രമന്ത്രി മുക്താര് അബ്ബാസ് നഖ്വി തുറന്നടിച്ചു.

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സേന പാക്കിസ്ഥാനിലെ ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിച്ചത് 2016 സെപ്തംബര്‍ 29നാണ്. ഉറിയിലെ സൈനിക ക്യാമ്പ് ആക്രമിച്ചതിന് നല്കിയ തിരിച്ചടി സര്‍ക്കാരിന്‍റെ വന്‍ നേട്ടമായാണ് ബിജെപി അവതരിപ്പിച്ചത്. എന്നാല്‍ പല പ്രതിപക്ഷ നേതാക്കളും ഇതില്‍ സംശയം പ്രകടിപ്പിച്ചു. പലരും തെളിവ് ആവശ്യപ്പെട്ടു. ഒടുവില്‍ ഇന്നലെ വൈകിട്ടാണ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്. തൊട്ടുപിറകെ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ആക്രമണത്തിന് പിന്നാലെ സൈന്യത്തിന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന്‍റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മനസ്ലിലാകുമെന്നായിരുന്നു കേന്ദ്രമന്ത്രി മുക്താര് അബ്ബാസ് നഖ്വിയുടെ ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണം.  

click me!