മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന നിലപാടിനെ മന്ത്രിമാര്‍ രഹസ്യമായി അഭിനന്ദിച്ചെന്ന് ജ. കെ.ടി തോമസ്

By Web DeskFirst Published Jul 29, 2016, 10:19 AM IST
Highlights

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ തന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് മന്ത്രി പി.ജെ. ജോസഫാണെന്ന് ജസ്റ്റിസ് കെ.ടി തോമസ് വെളിപ്പെടുത്തുന്നു. താങ്കള്‍ക്ക് മാത്രമേ ഇത് നേടാന്‍ സാധിക്കൂവെന്ന് ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തലയും ആര്യാടന്‍ മുഹമ്മദും വിളിച്ച് അഭിനന്ദിച്ചു . ജലനിരപ്പ് 136 അടിയാക്കണമെന്ന വിഷയത്തിലെഴുതിയ ഭിന്നാഭിപ്രായത്തെ പ്രത്യേകം എടുത്തു പറഞ്ഞു. അതിനായുള്ള കരുത്തുറ്റ കാരണങ്ങള്‍ മറ്റാരും പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രശംസ. അണക്കെട്ട് സുരക്ഷിതമാണെന്ന വിദഗ്ധാഭിപ്രായത്തെക്കുറിച്ച് എന്‍.കെ പ്രേമചന്ദ്രനോട് പറഞ്ഞപ്പോള്‍ അത് അദ്ദേഹവും ശരിവച്ചു. പക്ഷേ 1886 ലെ കരാര്‍ മാറ്റിക്കിട്ടുകയാണ് പ്രധാനമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. അങ്ങനെയായാല്‍ അണക്കെട്ടിന്റെ മേല്‍നോട്ടവും പരിപാലനവും കേരളത്തിന് കിട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി കേരളത്തിനെന്ന തമിഴ്നാട് വാഗ്ദാനം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അറിയിച്ചപ്പോള്‍ അത് അംഗീകരിച്ചാല്‍ മന്ത്രിസഭ തന്നെ അപകടത്തിലാകുമെന്നായിരുന്നു മറുപടി. അണക്കെട്ട് സുരക്ഷിതമാണെന്ന വാദം കേരളം അംഗീകരിച്ചുകൊടുത്തുവെന്ന ആരോപണമുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനിയെന്തെന്ന കാര്യത്തില്‍ അണക്കെട്ട് ശക്തമാണെന്ന സൂപ്രീം കോടതി തീരുമാനം അംഗീകരിക്കണമെന്നാണ് ജസ്റ്റിസ് കെ.ടി തോമസിന്റെ നിര്‍ദേശം. ജനങ്ങളെയും കുട്ടികളെയും സമരക്കാര്‍ വീണ്ടും ഭീതിയിലാക്കരുത്. ജലനിരപ്പ് 136 ആക്കാനുള്ള നടപടികളെടുക്കണം. വൈദ്യുതിയുടെ പകുതി വാങ്ങിയെടുക്കണം. യാഥാര്‍ഥ്യബോധവും പ്രായോഗികതയുമുള്ള  മുഖ്യമന്ത്രി അതിന് മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.

click me!