പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുൽ പ്രസം​ഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പറഞ്ഞു.

പ്രസം​ഗത്തിൽ രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഗൾഫിലുള്ളവർ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ കരുതൽ വേണം. യുഎസുമായി കരാർ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാർഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാർഷിക രംഗത്തെ തകർക്കുന്ന നടപടിയാണിത്. കരാർ ഊർജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തിൽ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകൾക്ക് നിർബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീൻ ഫയലുകളാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുഹൃത്ത് അനിൽ അംബാനി, ഹർദീപ് പുരി എന്നിവരുടെ പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല? തന്നെ ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തിൽ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് പേരു മാറ്റണമെന്നും അദ്ദേഹം സമാപന സമ്മേളനത്തിൽ പറഞ്ഞു.

പ്രസം​ഗത്തിൽ ശബരിമല സ്വർണക്കൊള്ളയും രാഹുൽ ​ഗാന്ധി എടുത്തുപറ‍ഞ്ഞു. സിപിഎം നേതാക്കൾ ജയിലിലായെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്ക് ഉപദേശം നൽകിക്കൊണ്ടാണ് രാഹുൽ പ്രസം​ഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഉപദേശമാണിതെന്നും യുഡിഎഫ് നേതാക്കൾ ഒരുമിച്ചു കൈ കോർക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് കേരളീയരാണെന്നും കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഐക്യം വേണമെന്ന് നേതാക്കളോട് ആവർത്തിക്കുകയും ചെയ്തു.

പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming