
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മണിക്ക് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിങ് നടത്തി. സ്ഥാനാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തിൽ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് മുന്നണികളും ശക്തമായ പ്രചരണം കാഴ്ചവെച്ച ചെങ്ങന്നൂരില്‍ കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. പേരിശ്ശേരി ഗവ. യുപി സ്കൂളിലെ 88-ാം നമ്പർ ബൂത്തിൽ മോക് പോളിനിടെ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങാന്‍ കഴിഞ്ഞു. വെൺമണി പഞ്ചായത്തിലെ 150-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഇത് മാറ്റിവെച്ചു.
1,99,340 വോട്ടര്‍മാരുള്ള മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ 17 സഹായ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. 181 പോളിങ് ബൂത്തുകളിൽ 1104 പോളിംഗ് ഉദ്യോഗസ്ഥർക്കാണ് ചുമതല. ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ബൂത്തുകളിലെത്തിയിരുന്നു. രാത്രി തന്നെ ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ആറ് മണിക്ക് എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോള്‍ ചെയ്ത് പരിശോധിച്ചു. തുടര്‍ന്ന് വോട്ട് എണ്ണി നോക്കിയ ശേഷം വിവിപാറ്റ് മെഷീനുകളിലെ രസീതും പരിശോധിച്ചു. ഇതിന് ശേഷം വോട്ടിങ് മെഷീന്‍ സീല്‍ ചെയ്താണ് പോളിങ് ആരംഭിച്ചത്.
17 സ്ഥാനാർഥികളും നോട്ടയും ഉൾപ്പടെ 18 പേർ ഉള്ളതിനാൽ ഒരു പോളിങ് ബൂത്തിൽ രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഉള്ളത്. എന്തെങ്കിലും കാരണം കൊണ്ട് വോട്ടിംഗ് മെഷീൻ തകരാറിലായാൽ അര മണിക്കൂറിനുള്ളിൽ പകരം സംവിധാനം ഉറപ്പാക്കും. എല്ലാ ബൂത്തുകളിലും ഹരിത ചട്ടം പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam