
നിലയ്ക്കൽ: ശബരിമല സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. രാവിലെ പത്തരയോടെ നിലയ്ക്കലിൽ എത്തിയ പൊൻ രാധാകൃഷ്ണൻ ഗതാഗത നിയന്ത്രണത്തെ ചൊല്ലിയാണ് പൊലീസുമായി തർക്കിച്ചത്. നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തെ പൊൻ രാധാകൃഷ്ണൻ ചോദ്യം ചെയ്തു. നിലവിൽ നിലയ്ക്കൽ ബേസ് സ്റ്റേഷനിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണ് കടത്തിവിടുന്നത്. നിലയ്ക്കലിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്തതിന് ശേഷം ബസുകളിൽ വേണം പമ്പയിലേക്ക് പോകാൻ. വാഹനനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്‍റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു.
"
എന്നാൽ ഇത്തരം ഒരു നിയന്ത്രണം രാജ്യത്തെവിടെയും ഇല്ലെന്നും ഭക്തർ ദുരിതത്തിലാണെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഉത്തരവിട്ടാൽ ഗതാഗതനിയന്ത്രണം നീക്കാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും എസ്പി ചോദിച്ചു. ഉത്തരവിടാനുള്ള അധികാരം തനിക്കില്ലെന്നും തന്‍റെ നിർദ്ദേശം സർക്കാരിനെ അറിയിക്കാനും മന്ത്രി എസ്പിക്ക് നിർദ്ദേശം നൽകി. ഇതിനിടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ എസ്പി യതീഷ് ചന്ദ്രയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഞങ്ങളുടെ മന്ത്രിയോട് ശബ്ദമുയർത്തി സംസാരിക്കുന്നത് എന്തിനായിരുന്നു എന്നായിരുന്നു ബിജെപി നേതാവിന്‍റെ ചോദ്യം. എസ്പി മിണ്ടാതെ നിന്നപ്പോൾ ‘മുഖത്തുനോക്കി പേടിപ്പിക്കുന്നോ’ എന്നായി എഎൻ രാധാകൃഷ്ണന്‍റെ ചോദ്യം.
തുടർന്ന് ഒരു കെഎസ്ആർടിസി ഡ്രൈവറോട് പമ്പ വരെ പോകുന്നതിൽ തടസ്സമുണ്ടോ എന്ന് മന്ത്രി അന്വേഷിച്ചു. പമ്പയിൽ പോയി അവിടെ പാർക്ക് ചെയ്യാതെ വാഹനങ്ങൾ തിരികെ വരികയാണെങ്കിൽ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഡ്രൈവർ പറഞ്ഞത് നിങ്ങളെല്ലാം കേട്ടല്ലോ എന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർന്ന് ഇതര സംസ്ഥാനക്കാരായ തീർത്ഥാടകരോടും മന്ത്രി സംസാരിച്ചു. നിയന്ത്രണം ഭക്തരെ ദ്രോഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വിഐപി വാഹനങ്ങൾ കടത്തിവിടുന്നതിന് തടസ്സമില്ല എന്നും മന്ത്രിക്ക് ഔദ്യോഗിക വാഹനത്തിൽ തന്നെ പോകാമെന്നും യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും കെഎസ്ആർടിസിയുടെ ഓർഡിനറി ബസിലാണ് മന്ത്രി പൊൻ രാധാകൃഷ്ണൻ പമ്പയിലേക്ക് പോയത്. ഇതിനിടെ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ അഭിപ്രായം ചോദിച്ചെങ്കിലും ഇത് അതിനുള്ള സമയമല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam