
മറയൂര്‍: മറയൂര്‍ ആദിവാസി കോളനികളില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പൊള്ളച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജിലെ എം.എസ്.ഡ്ബ്ല്യു സൈക്കോളജി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മറയൂര്‍ ചന്ദന റിസര്‍വ്വിനൂള്ളിലെ കമ്മാളംകൂടി മുതുവാ കോളനിയില്‍ സാമൂഹ്യ പൊങ്കല്‍ ആഘോഷം നടന്നു. അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പാരമ്പര്യ ആചാരങ്ങളെ നില നിര്‍ത്തുന്നതിനും വാന്തര്‍ ഭാഗത്തെ ജനങ്ങളുമായി ഇടപഴകി ജീവിതരീതി മനസ്സിലാക്കുന്നതിനുമായാണ് വിദ്യാര്‍ത്ഥികള്‍ വനാന്തര്‍ ഭാഗത്തെ ആദിവാസി കോളനിയിലെത്തിയത്.
തമിഴ് മാസമായ മാര്‍ഗളിയുടെ (ധനു) അവസാന ദിവസവും തൈമാസത്തിന്റെ (മകരം) ആദ്യ മൂന്ന് ദിവസങ്ങളിലുമാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആഘോഷമായ പൊങ്കല്‍ ഉത്സവം നടക്കുന്നത്. പൊങ്കലിന്റെ ആദ്യ ദിവസം ബോഗി എന്നറിയപ്പെടും. രണ്ടാം ദിവസം തൈപൊങ്കലിനാണ് പൊങ്കാല ഇടുന്നതും. കോലം ഇടുന്നതും രണ്ടാം ദിവസമായ തൈപൊങ്കല്‍ ദിവസമാണ്. മൂന്നാം ദിവസമാണ് മാട്ടുപൊങ്കല്‍. കാര്‍ഷിക ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ കന്നുകാലികളെ കുളിപ്പിച്ച് വൃത്തിയാക്കി ചായപൊടികളും പൂക്കളും വച്ച് അലങ്കരിച്ച് പൂജിക്കും പായസവും മറ്റും കന്നുകാലികള്‍ക്ക് ഉണ്ടാക്കി നല്‍കും. നാലാം ദിവസം കാണുംപൊങ്കല്‍ ബന്ധു മിത്രാദികള്‍ സമ്മാനങ്ങളുമായി വീടുകള്‍ സന്ദര്‍ശിക്കുന്നതാണ് കാണുംപൊങ്കല്‍. നാലു ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കല്‍ ഉത്സവം തമിഴ് ജനതയുടെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമാണ്.
കമ്മാളം കുടിയില്‍ നടന്ന പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് തുടക്കം കുറിച്ചു. കോളേജ് സൈക്കോളജി ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. അന്‍പ് സെല്‍വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ തമ്പി ദുരൈ, എന്‍.ആരോഗ്യ ദാസ് എന്നിവര്‍ പങ്കെടുത്തു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി കോളനിയിലെ കുട്ടികള്‍ക്കായി പരമ്പാരാഗത കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് കോളേജില്‍ നിന്നും സമ്മാനങ്ങള്‍ നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam