മൊറോക്കോയുടെ നിര്‍ഭാഗ്യം; പോര്‍ച്ചുഗലിന് വിജയം

Web desk |  
Published : Jun 20, 2018, 06:46 PM ISTUpdated : Jun 29, 2018, 04:09 PM IST
മൊറോക്കോയുടെ നിര്‍ഭാഗ്യം; പോര്‍ച്ചുഗലിന് വിജയം

Synopsis

പോര്‍ച്ചുഗലിന് ലോകകപ്പിലെ ആദ്യ ജയം റൊണാള്‍ഡോയ്ക്ക് നാലാം ഗോള്‍

മോസ്കോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിര്‍ഭാഗ്യം മൊറോക്കോയെ പിടികൂടിയതോടെ ആഫ്രിക്കന്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളി തുടങ്ങി നാലാം മിനിറ്റില്‍ നേടിയ ഏക ഗോളിന്‍റെ പിന്‍ബലത്തില്‍ പോര്‍ച്ചുഗലാണ് മൊറോക്കോയുടെ വിധി കുറിച്ചത്. യൂറോ കപ്പ് ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ പറങ്കിപ്പടയെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്.

പക്ഷേ, കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങേണ്ടി വന്ന ടീമിനെ അതേ നിര്‍ഭാഗ്യം ഇത്തവണയും പിന്തുടര്‍ന്നു. നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ സ്കോര്‍ ചെയ്യുന്നതില്‍ മുന്നേറ്റനിര പരാജയപ്പെട്ടതാണ് ആഫ്രിക്കന്‍ ടീമിനെ യഥാര്‍ഥത്തില്‍ തോല്‍പ്പിച്ചത്. പോര്‍ച്ചുഗലിന്‍റെ പ്രതിരോധത്തിലെ പ്രശ്നങ്ങള്‍ മനസിലാക്കി എത്തിയ മൊറോക്കോയാണ് തുടക്കത്തിലെ ആക്രമണങ്ങള്‍ മെനഞ്ഞ് കളി തുടങ്ങിയത്. വിംഗുകളിലൂടെ പാഞ്ഞെത്തിയുള്ള നീക്കങ്ങളാണ് റെനാര്‍ഡ് ഹെര്‍വെയുടെ ടീം പരീക്ഷിച്ചത്.

നൂറുദ്ദീന്‍ അംബ്രാട്ടിന്‍റെ നേതൃത്വത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ പറങ്കിപ്പടയുടെ പോസ്റ്റിലേക്ക് അവര്‍ ഇരച്ചെത്തി. അപകടം മനസിലായ പോര്‍ച്ചുഗല്‍ എതിര്‍ പാളയത്തിലേക്കും കുതിച്ചു. തുടരെ ലഭിച്ച രണ്ടാമത്തെ കോര്‍ണറില്‍ നിന്നാണ് പറങ്കികളുടെ ആദ്യ ഗോള്‍ പിറന്നത്. ഷോര്‍ട്ട് കോര്‍ണറില്‍ ജോസ് മൗട്ടീഞ്ഞോ ബോക്സിലേക്ക് തൊടുത്ത പന്തില്‍ തന്‍റെ സ്വതസിദ്ധമായ ശെെലിയില്‍ ഉയര്‍ന്നു ചാടി റൊണാള്‍ഡോ തല വെച്ചു. ആഫ്രിക്കന്‍ പടയുടെ ഗോള്‍ കീപ്പര്‍ എല്‍ കജോയിയെ നിസഹായനാക്കി കരുത്തന്‍ ഹെഡ്ഡര്‍ വല തുളച്ചു കയറി.

ഗോള്‍ വഴങ്ങിയെങ്കിലും ആഫ്രിക്കന്‍ ടീമിന്‍റെ നിയന്ത്രണത്തിലാണ് പിന്നെയും കളി മുന്നോട്ട് പോയത്. 11-ാം മിനിറ്റില്‍ സമനില ഗോളിനുള്ള അവസരം മൊറോക്കോ ഒരുക്കിയെടുത്തു. ഹക്കീം സിയാഹിന്‍റെ കോര്‍ണറില്‍ ഡി കോസ്റ്റ തലവെച്ചങ്കിലും പറങ്കിപ്പടയുടെ ഗോള്‍ കീപ്പര്‍ റൂയി പട്രീഷോയെ കീഴടക്കാനായില്ല. ആദ്യ 20 മിനിറ്റില്‍ ആഫ്രിക്കന്‍ ശക്തികളുടെ ആധിപത്യമാണ് കളത്തില്‍ കണ്ടത്. തോറ്റാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതിനാല്‍ എങ്ങനെയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമങ്ങളാണ് മൊറോക്കോ നടത്തിയത്.

പക്ഷേ, അനുഭവപരിചയം കുറവുള്ള ആഫ്രിക്കന്‍ ടീമിന്‍റെ ആക്രമണങ്ങളെ പറങ്കിപ്പട ആദ്യപകുതിയില്‍ തളച്ചിട്ടു. രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് വലിയ മാറ്റങ്ങളുണ്ടായില്ല. സമനില ഗോളിന് വേണ്ടി മൊറോക്കോ താരങ്ങള്‍ പോര്‍ച്ചുഗല്‍ ബോക്സില്‍ വട്ടമിട്ട് പറന്നു. പലപ്പോഴും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രമാണ് മെഹ്ദി ബെനാഷ്യക്കും ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്.

അംബ്രാട്ടിനെ വീഴ്ത്തിയതിന് 57-ാം മിനിറ്റില്‍ ലഭിച്ച ഫ്രികിക്കില്‍ യൂനിസ് ബെല്‍ഹാണ്ടയുടെ ഹെഡര്‍ ഗോള്‍ എന്ന് ഉറപ്പിച്ചെങ്കിലും റൂയി പട്രീഷ്യോയുടെ കെെകള്‍ അത്ഭുത രക്ഷപ്പെടുത്തല്‍ നടത്തി. ആഫ്രിക്കന്‍ ടീമിന്‍റെ ശൗര്യത്തിന് മുന്നില്‍ യൂറോപ്പിന്‍റെ രാജാക്കന്മാര്‍ വെള്ളം കുടിച്ചു കൊണ്ടേയിരുന്നു. ആവേശം കൂടിയതോടെ മത്സരം അല്‍പം പരുക്കന്‍ അടവുകളിലേക്കും കടന്നു. മൊറോക്കോയുടെ ഹക്കീം സിയാഹെടുത്ത ഫ്രീകിക്കും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യത്തിലെത്തിയില്ല.

പാസ് നല്‍കുന്നതിലും മറ്റും പറങ്കിപ്പട അമ്പേ പരാജയമായപ്പോള്‍ മൊറോക്കോ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം പോലും രണ്ടാം പകുതിയില്‍ പ്രകടമാകാതിരുന്നപ്പോള്‍ പോര്‍ച്ചുഗല്‍ മുന്നേറ്റത്തിന്‍റെ  വമ്പും കുറഞ്ഞു. അവസാന നിമിഷങ്ങളില്‍ കോര്‍ണറുകള്‍ തുടരെ ലഭിച്ച മൊറോക്കോ തോല്‍വി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി