
തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്.
പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള ശിക്ഷാ നിരക്കില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറവാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിക്രമങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുകയും വേണം.
വിവിധ ജില്ലകളിലെ ക്രമസമാധാന നിലയും കുറ്റാന്വേഷണ പുരോഗതിയും ക്രൈം കോണ്‍ഫറന്‍സില്‍ വിലയിരുത്തി. മിക്കവാറും എല്ലാ പ്രധാന കുറ്റകൃത്യങ്ങളിലെയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതും അന്വേഷണ മികവിന്റെ തെളിവാണ്. ഈ ലക്ഷ്യത്തോടെ അന്വേഷണം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് ട്രാഫിക് അപകടങ്ങള്‍മൂലമുള്ള മരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. ദേശീയപാതയില്‍, പ്രത്യേകിച്ചും കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ അപകടങ്ങളും മരണവും കൂടുതല്‍ ഉണ്ടാകുന്നതില്‍ സംസ്ഥാന പോലീസ് മേധാവി ആശങ്ക രേഖപ്പെടുത്തി. ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം. അപകടങ്ങളും മരണങ്ങളും ഇനിയും കുറച്ചുകൊണ്ടുവരുന്നതിന് സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കണം. പരിശോധന കഴിയുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധമാകണം.
മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് നല്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇക്കാര്യം എസ്.പി.മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും ആധുനികമായ ബോഡി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തണം. സംസ്ഥാനത്തെ ക്രമസമാധാന നിലയും യോഗം വിലയിരുത്തി. അതിക്രമങ്ങളില്‍ 2016 നെ അപേക്ഷിച്ച് 2017 ല്‍ അതിക്രമങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ നിഷ്പക്ഷമായും ശക്തമായും നടപടി സ്വീകരിച്ചതിന്റെ ഫലമാണിത്. ഇത് കൂടുതല്‍ ഫലപ്രദമാക്കണം. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരം രേഖപ്പെടുത്തുന്നതിനുള്ള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം ഉപയോഗിക്കുന്നതില്‍ ഉന്നത ഉദ്യേഗസ്ഥര്‍ക്കുള്‍പ്പെടെ കൂടുതല്‍ വൈദഗ്ധ്യം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം എസ്.സി.ആര്‍.ബി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. എസ്.സി.ആര്‍.ബി. ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി, ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന്‍, ക്രൈംബ്രാഞ്ച് ഡി.ജി.പി. ബി.എസ്.മുഹമ്മദ് യാസിന്‍, ദക്ഷിണമേഖല എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. എസ്.ആനന്ദ കൃഷ്ണന്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ.വിനോദ്കുമാര്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, എം.ആര്‍.അജിത്കുമാര്‍, പി.വിജയന്‍, എസ്.ശ്രീജിത്ത്, ജി.ലക്ഷ്മണ്‍, വിവിധ ജില്ലാ പോലീസ് മേധാവിമാര്‍, എസ്.പി.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam