
ബാഗ്ദാദ്: ഇറാൻ ഇറാഖ് അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ഏഴായിരം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കുമേറ്റിരുന്നു. റിക്ടര്‍സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹലാബ്ജയ്ക്ക് സമീപമാണ്. പ്രാദേശിക സമയം ഇന്നലെ രാത്രി 9.20നുണ്ടായ ഭൂചലനത്തിൽ ഇറാനിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പതിനാല് പ്രവിശ്യകളിലായി ഇറാനിലെ 300 ലേറെപ്പേരാണ് മരിച്ചത്.
ഇറാനെയും ഇറാഖിനെയും വിഭജിക്കുന്ന സാഗ്രോസ് പർവ്വതനിരയുടെ സമീപത്തുളള സർപോൾ ഇ സഹാബ് എന്ന പട്ടണമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയത്. ഇറാഖിലെ ഇർബിൽ മുതൽ ബാഗ്ദാദ് വരെയുളള മേഖലയിലും കനത്ത നഷ്ടമുണ്ടായി. നൂറോളം തുടർചലനങ്ങളും ഭൂകമ്പത്തിനു ശേഷമുണ്ടായി. കുവൈറ്റിലും യുഎഇയുടെ മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളടക്കം വിവിധഭാഗങ്ങളിലും തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
രക്ഷാപ്രവർത്തനത്തിന് സർവ്വരും സജ്ജരാകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊളള ഖമനേയിയും രംഗത്തെത്തി. വടക്കൻ ഇറാഖിൽ രക്ഷാപ്രവർത്തനത്തിനും മരുന്നും ഭക്ഷണവും എത്തിക്കാനുമായി തുർക്കിയും രംഗത്തുണ്ട്. റെഡ് ക്രോസിന്‍റെ നേതൃത്വത്തിൽ 3000 ത്തോളം അഭയാർത്ഥി ക്യാംപുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭൂകമ്പ സാധ്യതാ പ്രദേശമായ ഇറാൻ ഇറാഖ് അതിർത്തിയിൽ 2003ലുണ്ടായ ഭൂകമ്പത്തില്‍ 26,000 പേർ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam