പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി പദവിയില്‍ അഞ്ചാം വര്‍ഷത്തിലേക്ക്

By Web DeskFirst Published Jul 25, 2016, 1:25 AM IST
Highlights

കേന്ദ്രധനമന്ത്രിയായി സജീവരാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. 2012 ജൂലൈ 25ന് ഇന്ത്യയുടെ പതിമൂനാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ പ്രണബ് മുഖര്‍ജി ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ആദ്യം തന്നെ വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രവുമായ നല്ലബന്ധമാണ് പ്രണബ്മുഖര്‍ജി കാത്ത്‌സൂക്ഷിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ വിവാദമായ ഭീകരവിരുദ്ധബില്‍ രാഷ്ട്രപതി തിരിച്ചയച്ചത് എന്‍ഡിഎ സര്‍ക്കാരിന് തിരിച്ചടിയായി. രാജ്യത്ത് വര്‍ദ്ധിച്ചുവന്ന അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചും പ്രണബ് മുഖര്‍ജി തുറന്നടിച്ചു. അസഹിഷ്ണുത് ശക്തികള്‍ക്കെതിരെ സ്വയം രക്ഷകരാകാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് റിപബ്ലിക് ദിനസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. തുല്യതയും വ്യക്തിനീതിയും സാമ്പത്തിക ലിംഗസമത്വം ഉറപ്പുനല്‍കുന്ന ജനാധിപത്യമാണെന്ന മുന്നറിയിപ്പും അദ്ദേഹം കേന്ദ്രത്തിന് നല്‍കി. എങ്കിലും ഇരട്ടപദവി വിവാദത്തില്‍ ദില്ലി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമം തിരിച്ചയച്ച് പ്രണബ് മുഖര്‍ജി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്നു.  പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവില്‍ നിന്നും ഇന്ത്യയുടെ പ്രഥമപൗരനായി മാറിയ പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. അധികാരത്തിലെത്തി ആദ്യം തന്നെ രാഷ്ട്രപതി ഭവന്‍ ദില്ലിയിലെത്തുന്നവരുടെ പ്രധാനസന്ദര്‍ശനകേന്ദ്രമാകണമെന്ന നിര്‍ദ്ദേശം അദ്ദേഹം നല്‍കി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 7.99 ലക്ഷം ആളുകള്‍ രാഷ്ട്രപതിഭവന്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതിഭവന്‍ ജനകീയകേന്ദ്രമാക്കിയ പ്രണബ് മുഖര്‍ജി അഞ്ചാം വര്‍ഷത്തിലും ഭവനെ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനത്തിലാണ്.

click me!