ഗർഭിണിയുടെ ദുരൂഹ മരണം: സിപിഎം കേസ് അട്ടിമറിക്കുന്നുവെന്ന് കുടുംബം

By Web DeskFirst Published Apr 30, 2018, 3:18 PM IST
Highlights
  • ഗർഭിണിയുടെ ദുരൂഹ മരണം: സിപിഎം കേസ് അട്ടിമറിക്കുന്നുവെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണി മരിച്ച കേസ് സിപിഎം പ്രാദേശിക നേതൃത്വം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നെന്ന് പരാതി. കോഴിക്കോട് തിരുവന്പാടി മുതവന്പായിലെ സൗമ്യയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

വിഷം അകത്ത് ചെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൗമ്യ ഫെബ്രുവരി ഏഴിനാണ് മരിക്കുന്നത്.  ഒമ്പത് മാസം മുൻപായിരുന്നു അടിവാരം ചിപ്പിലിതോടിലെ കൊച്ചുപുരക്കൽ ജിൻസുമായുള്ള വിവാഹം നടന്നത്. സംഘര്‍ഷം പതിവായ വീട്ടില്‍ ഭർതൃപിതാവ് സണ്ണി മകളെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സൗമ്യയുടെ രക്ഷിതാക്കള്‍ പറയുന്നത്. 

സൗമ്യയുടെ മരണ ശേഷം ജിൻസിനെയും സണ്ണിയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സൗമ്യക്ക് വിഷം നൽകി കൊലപെടുത്തിയതാണെന്നും പ്രതികൾക്ക് സിപിഎം ബന്ധമുള്ളതിനാൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നുമാണ് പരാതി. മുഖ്യമന്ത്രി, വനിതാകമ്മിഷൻ ഡിജിപി തുടങ്ങിയവർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. 

നിലവിലെ അന്വേഷണ സംഘത്തെ മാറ്റി കേസ് പുതിയ സംഘത്തെ ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.എന്നാൽ സൗമ്യയുടേത് ആത്മഹത്യയാണെന്നാണ് പൊലീസ് വിശദീകരണം. ഭർത്താവിനും അച്ഛനുമെതിരെ ഗാർഹിക പീഡനം , ആത്മഹത്യാപ്രേരണാകുറ്റം എന്നിവ ചുമത്തിയിട്ടുണ്ടെന്നും വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു.

ആത്മഹത്യയാണെന്നാണ് ഭർതൃവീട്ടുകാരുടെയും വാദം.എന്നാൽ കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വ്യക്തമാക്കി. 

click me!