രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

By Web DeskFirst Published Jul 17, 2017, 11:03 AM IST
Highlights

ദില്ലി: രാഷ്‌ട്രപതിയെ തെര‌ഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും വിവിധ നിയമസഭകളിലും തുടങ്ങി. വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും. 65 ശതമാനം വോട്ട് ഉറപ്പാക്കിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് വിജയം ഉറപ്പാക്കിയിട്ടുണ്ട്. 776 എംപിമാരും 4120 എംഎല്‍എമാരും ഉള്‍പ്പടെ 4896 വോട്ടര്‍മാരാണ് ആകെയുള്ളത്. എംപിമാര്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റുമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പേന കൊണ്ടു തന്നെ വോട്ടു രേഖപ്പെടുത്തണം. പാര്‍ലമെന്റ് മന്ദിരത്തിലെ 62ആം നമ്പര്‍ മുറിയിലാണ് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.

തൃണമൂലിന്റെ എല്ലാം എംപിമാരും പശ്ചിമബംഗാള്‍ നിയമസഭയില്‍ വോട്ടു ചെയ്യും. എംപിസ്ഥാനം രാജിവയ്‌ക്കാത്ത ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ക്ക് നിയമസഭയില്‍ വോട്ടു ചെയ്യാന്‍ അനുമതി നല്‍കി. അമിത് ഷാ ഉള്‍പ്പടെ 5 എംഎല്‍എമാര്‍ പാര്‍ലമെന്റ് മന്ദിരത്തിലും വോട്ടു രേഖപ്പെടുത്തും. ചെന്നൈയില്‍ ചികിത്സയിലുള്ള കേരളത്തിലെ എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവിടെ വോട്ടു ചെയ്യാന്‍ അനുമതി വാങ്ങിയിട്ടുണ്ട്.
 
റയ്സീനയില്‍ ആരെത്തും എന്ന കാര്യത്തില്‍ സസ്‌പെന്‍സൊന്നും ബാക്കിയില്ല. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്‌ട്രപതിയാകും. എങ്കിലും എത്ര ശതമാനം വോട്ട് നേടാം എന്ന മത്സരത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ തവണ പ്രണബ് മുഖര്‍ജി 69.3 ശതമാനം വോട്ടാണ് നേടിയത്. ഇത് മറികടക്കാന്‍ പ്രതിപക്ഷത്തു നിന്നു പോലും എംഎല്‍എമാരെ അടര്‍ത്താന്‍ ബിജെപി ശ്രമിച്ചിരുന്നു.

ബിജു ജനതാദള്‍, ജെഡിയു എന്നീ പാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷത്തും നീക്കമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ത്രിപുര ഘടകം കോവിന്ദിന് വോട്ടു ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികളുടെ കണക്ക് നോക്കുമ്പോള്‍ 32 ശതമാനം എങ്കിലും കിട്ടേണ്ട പ്രതിപക്ഷത്തിന് അതില്‍ താഴെയുള്ള എത് സംഖ്യയും ക്ഷീണമാകും.

 

click me!