രാഷ്‍ട്രപതി തെരഞ്ഞെടുപ്പ് പൂർത്തിയായി

By Web DeskFirst Published Jul 17, 2017, 6:18 PM IST
Highlights

രാഷ്‍ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. മൂന്ന് എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സമാജ്‍വാദി പാർട്ടിയിലെ മുലായം വിഭാഗവും രണ്ട് എഎപി എംപിമാരും രാംനാഥ് കോവിന്ദിന് വോട്ടു ചെയ്തെന്നാണ് സൂചന. ബിജെപി കൂറുമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കും.
 
ഇന്ത്യയുടെ പതിനാലാം രാഷ്‍ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെടുപ്പ് പരാതികളില്ലാതെ കടന്നു പോയി. ആന്ധ്രാപ്രദേശിലെ ഒരംഗം ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പുവച്ച ശേഷം പുതിയ ബാലറ്റ് ആവശ്യപ്പെട്ടെങ്കിലും കമ്മിഷൻ നല്‍കിയില്ല. പാർലമെന്റിൽ രാവിലെ വോട്ടെടുപ്പ് തുടങ്ങും മുമ്പ് തന്നെ എംപിമാരുടെ വലിയ തിരക്ക് ദൃശ്യമായി. മൂന്നു പേരൊഴികെ എല്ലാവരും വോട്ടു ചെയ്തെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും 62-ആം നമ്പർ മുറിയിലെ പോളിംഗ്ബൂത്തിൽ പത്തുമണിക്ക് തന്നെയെത്തി വോട്ടു ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി തുടങ്ങിയവർ പതിനൊന്നരയോടെ വോട്ടു ചെയ്യാനെത്തി. കേരളത്തിലെ എല്ലാ എംപിമാരും പാർലമെന്റിലാണ് വോട്ടു രേഖപ്പെടുത്തിയത്.

ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയിലെ ഭിന്നത വോട്ടെടുപ്പിൽ പ്രകടമായി. മുലായം സിംഗ് യാദവും സഹോദരൻ ശിവപാൽ യാദവും എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് വോട്ടു ചെയ്തു എന്ന് യുപിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എംഎൽഎമാരെ ബിജെപി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്ന് തൃണമൂൽ ആരോപിച്ചു. ത്രിപുരയിലെ 5 തൃണമൂൽ എംഎൽഎമാരും ആംആദ്മി പാർട്ടിയുടെ രണ്ട് എംപിമാരും കൂറുമാറി വോട്ടു ചെയ്തെന്നാണ് സൂചന. എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകൾ ദില്ലിയിൽ എത്തിച്ച ശേഷമാവും വോട്ടെണ്ണൽ.

click me!