സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വീണ്ടും വില കൂടും

By Web DeskFirst Published Nov 18, 2017, 1:04 AM IST
Highlights

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വീണ്ടും വില വര്‍ധിക്കും. അടുത്ത കാലത്ത്‌ ഇവയുടെ വില വര്‍ധിച്ചിരുന്നുവെങ്കിലും വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ വീണ്ടും വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.
 
2018 ജനുവരിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയില്‍ ഭൂരിഭാഗം വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നിരക്ക് കൂടും. അഞ്ചു ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. ഇതുപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്ക്‌സ്, ശീതള പാനീയങ്ങള്‍ തുടങ്ങിയയുടെ വില  വീണ്ടും കൂടുമെന്നാണ് റിപ്പോര്‍ട്ട്. സെലക്ടീവ് ടാക്‌സിന്റെ പേരില്‍ ഈയടുത്ത് ഇവയുടെ വില വര്‍ധിപ്പിച്ചിരുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെയും എനര്‍ജി ഡ്രിങ്ക്‌സിന്‍റെയും വിലയില്‍ നൂറു ശതമാനവും ശീതള പാനീയങ്ങളുടെ വിലയില്‍ അമ്പത് ശതമാനവുമാണ് കൂടിയത്. സെലക്ടീവ് ടാക്‌സ് ഈടാക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി അഞ്ച് ശതമാനം വാറ്റും നല്‍കേണ്ടി വരും. 

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനും അഞ്ച് ശതമാനം വാറ്റ് ഈടാക്കും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, അന്താരാഷ്‌ട്ര, ഗതാഗത സേവനങ്ങള്‍, താമസ, വാടക, നിക്ഷേപ ആവശ്യത്തിനുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് വാറ്റ് ബാധകമല്ല. പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയോ  പുതുക്കുകയോ ചെയ്യല്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഡിപ്പോസിറ്റ് ആന്റ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ലക്ഷം റിയാലില്‍ കൂടുതല്‍ പ്രതിവര്‍ഷ വരുമാനമുള്ള സ്ഥാപനങ്ങള്‍ ഈ ഡിസംബര്‍ 20ന് മുമ്പ് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം.

click me!