ഒമാനിലെ ദുഖും തുറമുഖത്തും ഓയിൽ ടാങ്കറിനും നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ദുബായിലും ബഹ്‌റൈനിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായി.
ദോഹ: ഒമാനിലെ ദുഖും തുറമുഖവും ഓയിൽ ടാങ്കർ സംവിധാനവും ആക്രമിച്ച ഇറാനിയൻ നടപടിയെ ശക്തമായി അപലപിച്ച് ഖത്തർ. ഒമാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടി എന്നും ഖത്തർ വ്യക്തമാക്കി.
അതേസമയം കൂട്ടം കൂടരുത് എന്ന് ജനങ്ങളോട് ഖത്തർ അഭ്യർത്ഥിച്ചു. സംശയകരമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒമാനിലെ ദുഖും തുറമുഖത്ത് രണ്ടു ഡ്രോണുകളാണ് പതിച്ചത്. ജോലിക്കാരുടെ താമസ സ്ഥലത്ത് ഡ്രോൺ വീണ് ഒരു പ്രവാസിക്ക് പരിക്കേറ്റു. മൊബൈൽ താമസ കേന്ദ്രങ്ങളിലും ഒരു ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകൾ പതിച്ചത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, 5 ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രമാണ് ഇടപെട്ടത്.
ദുബായിലും ബഹ്റൈനിലും ആക്രമണം
ദുബായിൽ രണ്ട് സ്വദേശി പൗരന്മാരുടെ വീടുകളുടെ വരാന്തകളില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ദോഹയിലെ ഇൻഡസ്ട്രിയിൽ ഏരിയയില്‍ തീപിടിത്തമുണ്ടായി. ബഹ്റൈനില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇറാൻ ഇതുവരെ ആക്രമിച്ചത്. ജബൽ അലി ഉൾപ്പെടെയുള്ള തുറമുഖങ്ങളിലും ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ കൂടുതൽ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി തുടരും. നിരവധി മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയത്.
ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി
ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു. 10,12 ക്ലാസുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.



