
മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാന്‍ മാസത്തില്‍ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനെട്ട് ഇമാമുമാരുണ്ടാകും. അഞ്ച് നേരത്തെ പ്രധാന നിസ്‌കാരങ്ങള്‍ക്കും തറാവീഹ് ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാനുള്ളവരുടെ പട്ടിക ഹറംകാര്യവിഭാഗം തയ്യാറാക്കി. മക്കയില്‍ ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, യാസിര്‍ അല്‍ ദോസരി, സൗദ് അല്‍ ശുരൈം, അബ്ദുള്ള അല്‍ ജുഹനി, മാഹിര്‍ അല്‍ മുഅയ്ഖിലി, ഖാലിദ് അല്‍ ഗാംദി, ബന്തര്‍ ബലീല എന്നിവര്‍ തറാവീഹ് ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കും. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്ക് സാലിഹ് ബിന്‍ ഹുമൈദ്, ഉസാമ ഖയ്യാത്ത്, ഫൈസല്‍ ഗസ്സാവി, അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, സാലിഹ് ആലുത്വാലിബ് എന്നിവരും നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ തറാവീഹ് ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് ഖാലിദ് അല്‍ മുഅന്ന, അലി അല്‍ ഹുദൈഫി, അബ്ദുല്‍ ബാരി അല്‍ സുബൈത്തി, ഹുസൈന്‍ ആല് ഷെയ്ഖ്, അഹമദ് ഹുമൈദ്, അബ്ദുള്ള അല്‍ ബഈജാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. മക്കയില്‍ റമദാനോടനുബന്ധിച്ച് പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നിസ്‌കാരത്തിന് തൊട്ടു മുമ്പും ശേഷവും പരിസരത്തേക്ക് വാഹങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. മക്കയുടെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ക്കിംഗ് ഏരിയകളില്‍ നിന്ന് ഹറം പള്ളിയിലേക്ക് ഇരുപത്തിനാല് മണിക്കൂറും ബസ് സര്‍വീസുണ്ടാകും. റമദാന്‍ അടുത്തതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam