
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കി മരിച്ച നിലയിൽ കാണപ്പെട്ട ഫാദർ കുര്യാക്കോസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.
കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ രണ്ട് ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് ജലന്ദറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തി അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോസ്റ്റ്മോർട്ടം എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ജലന്ധർ രൂപത അറിയിച്ചു.
സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറയിച്ചിട്ടുണ്ട്.
ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam