മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By Web DeskFirst Published Jan 12, 2018, 11:26 AM IST
Highlights

കൊച്ചി: ചോറ്റാനിക്കരയില്‍ വിദ്യാർത്ഥിനിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലിൽ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. 

നേരത്തെ നാലുവയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം.

2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എല്‍കെജി വിദ്യാർത്ഥിനിയായ അക്സയാണ്  കൊല്ലപ്പെട്ടത്.  പോലീസ് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് പെൺകുട്ടി പീഢനത്തിരയായിട്ടുണ്ടെന്നും ആന്തരാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ അമ്മ റാണി, റാണിയുടെ കാമുകൻ രഞ്ജിത്ത്, സുഹൃത്ത് ബേസില്‍ എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ്ചെയ്തു.

റാണി ഭർത്താവുമായി പിരിഞ്ഞ് ചോറ്റാനിക്കരയില്‍ കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മകളൊരു തടസമായി തോന്നിയതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.   

എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളായ മൂന്നുപേരും കുറ്റക്കാരെന്നാണ്  കോടതി കണ്ടെത്തി. കൊലപാതകം ഗൂഢാലോചന എന്നീവകുപ്പുകള്‍ക്കുപുറമേ പോക്സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

click me!