പ്രധാനമന്ത്രി പൂന്തുറയില്‍ സന്ദര്‍ശനം നടത്തും

By Web DeskFirst Published Dec 18, 2017, 1:12 PM IST
Highlights

തിരുവനന്തപുരം: ഓഖി ദുരിതം വിലയിരുത്താനെത്തുന്ന പ്രധാനമന്ത്രി ദുരിതബാധിത മേഖലകളായ തീരദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. നേരത്തെ ഓഖി ദുരന്തം വിലയിരുത്താന്‍ എത്തുന്ന പ്രധാനമന്ത്രി രാജ് ഭവനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മാത്രമേ പങ്കെടുക്കു എന്നാണ് അറിയിച്ചത്. തുടര്‍ന്ന് ലത്തീന്‍ സഭ അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു.ട

നിലവിലെ പദ്ധതി അനുസരിച്ച് ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പൂന്തുറയില്‍ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. നാളെ ഒന്ന് അൻപതിന് ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന മോദി ആദ്യം പോകുന്നത് കന്യാകുമാരിക്കാണ്. 

നാല് നാൽപ്പതിന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒരുമണിക്കൂറുണ്ടാകും. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സഭാ പ്രതിനിധികളും ദുരിത മേഖലയിൽ നിന്നുള്ള മത്സ്യതൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നായിരിക്കും തീരദേശ സന്ദര്‍ശനം എന്നാണ് വിവരം.

ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാൻ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്.

click me!