
പന്തളം: മഹാപ്രളയം സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തതിന്‍റെ ആഘാതത്തില്‍ നിന്ന് കരയറും മുമ്പ് പ്രളയബാധിതർക്ക് ജപ്തി നോട്ടീസ് അയച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ. പന്തളം കുളനട മാന്തുകയിലെ ഭാസ്കരന്‍റെ കുടുംബത്തിനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ ജപ്തി നോട്ടീസ് ലഭിച്ചത്.
പ്രളയദുരിതബാധിതരുടെ വായ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ ആരംഭിച്ചിരിക്കുന്നത്. കുളനട മാന്തുകയിലെ ഭാസ്കരൻ 2013 ൽ വീട് നിർമ്മിക്കാനാണ് മഹീന്ദ്ര ഫിനാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്. 2015 വരെ ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചു.
ഇതിനിടെ ഭാര്യക്ക് ക്യാൻസർ ബാധിക്കുകയും ചികിത്സക്ക് വൻ തുക ചിലവാകുകയും ചെയ്തു. വായ്പാ തിരച്ചടവ് മുടങ്ങി. പിന്നാലെ ഭാസ്കരന് പക്ഷാഘാതവും പിടിപ്പെട്ടു. പ്രളയം വന്നതോടെ കുടുംബത്തിന്‍റെ അവശേഷിച്ച സമ്പാദ്യവും നഷ്ടമായി. ഈ മാസം 25 നകം 2.50 ലക്ഷം രൂപയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ വീടും അഞ്ച് സെന്‍റ് പുരയിടവും ജപ്തി ചെയ്യുമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സബ് കലക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയപ്പോൾ ഗഡുക്കളായി തിരിച്ചടവിന് സമയം നൽകാൻ നിർദേശിച്ചെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.ആകെ 4.50 ലക്ഷത്തോളം വരുന്ന തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ കഷ്ടപ്പെടുകയാണ് നിർധന കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam