
ചാലക്കുടി:പ്രളയക്കെടുതി ഏറ്റവും അധികമായി നാശം വിതച്ച ചാലക്കുടി, അങ്കമാലി പ്രദേശങ്ങളില്‍ സേവനത്തിന് സ്വകാര്യ ഹെലികോപ്റ്റര്‍ സര്‍വീസ്.നേവിയുമായി കൈകോര്‍ത്തു നടത്തുന്ന ഈ സേവനത്തിനു ചുക്കാന്‍ പിടിക്കുന്നത് അങ്കമാലി കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററും റെവന്യു ഡിപാര്‍ട്ട്‌മെന്‍റുമാണ്. വെള്ളക്കെട്ടുമൂലം തീര്‍ത്തും ഒറ്റപ്പെട്ടു പോയവര്‍ക്ക് ആകാശമാര്‍ഗം ഭക്ഷണം എത്തിക്കുകയാണ് ഇവര്‍. നേവിയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ക്കൊപ്പം ഒരു സ്വകാര്യ കോപ്റ്റര്‍ കൂടി ചേര്‍ന്നതോടെ എറണാകുളം തൃശൂര്‍ ജില്ലകളില്‍ അങ്കമാലി ചാലക്കുടി എന്നിവിടങ്ങളില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
ഇന്നലെ മുതല്‍ ആരംഭിച്ച സര്‍വീസ് ഏറെകാര്യക്ഷമമായാണ് മുന്നോട്ടു പോകുന്നത്. മറ്റു വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ ഏതാണ്ട് എല്ലാ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മാത്രം അഞ്ചു തവണ കോപ്റ്ററുകള്‍ ഭക്ഷണ വിതരണം നടത്തി. എളുപ്പം കേടുവരാത്ത ഭക്ഷണവും വെള്ളവുമാണ് ഇത്തരത്തില്‍ വിതരണം നടത്തുന്നത്. ഇതിനാവശ്യമായ മുഴുവന്‍ സാധനങ്ങളും ജനങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിക്കുകയാണ്. സ്വകാര്യ ഹെലികോപ്ടറും തീര്‍ത്തും സൗജന്യമായാണ് സേവനം നടത്തുന്നത്. സാധാരണ ഗതിയില്‍ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉള്ളവര്‍ ഭക്ഷണ വിതരണം ആരംഭിച്ചു.
ഭക്ഷണ പൊതികളുമായി എത്തുമ്പോള്‍ ആദ്യമെല്ലാം കൃത്യമായ സ്ഥലം കണ്ടെത്തുക ശ്രമകരമായിരുന്നു. ഭക്ഷണവുമായി എത്തുമ്പോള്‍ താഴെ സ്വീകരിക്കാന്‍ ആളില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാളെ മുതല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ ഹെലികോപ്റ്ററിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം ദുപ്പട്ടയോ സാരിയോ ബെഡ്ഷീറ്റോ പോലുള്ള വലിയ വസ്തുക്കള്‍ വീശിക്കാണിക്കണം എന്നും കൃത്യമായി സാധനം ശേഖരിക്കണം എന്നും കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഓപറേഷന്‍സ് മാനേജര്‍ ആയ അനീഷ് ആന്‍റണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam