വരാപ്പുഴ കസ്റ്റഡി കൊലപാതകം; സി.പി.എം നേതാക്കള്‍ യോഗം ചേര്‍ന്നുവെന്ന് സമ്മതിച്ച് പ്രിയ ഭരതന്‍

By Web DeskFirst Published May 12, 2018, 9:51 AM IST
Highlights

പ്രിയ ഭരതന്റെ വീട്ടില്‍ നടന്ന ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു.

കൊച്ചി: വാസുദേവന്റെ വീട് ആക്രമണ ദിവസം സി.പി.എം നേതാക്കള്‍ തന്റെ വീട്ടില്‍ യോഗം ചേർന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതൻ സമ്മതിച്ചു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കൽ സെക്രടറി വേണു എന്നിവരുടെ   നേതൃത്വത്തിലാണ് യോഗം ചേർന്നത്. യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗുഢാലോചനയിൽ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രിയ ഭരതൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.

പ്രിയ ഭരതന്റെ വീട്ടില്‍ നടന്ന ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു. സി.പി.എം നേതാക്കള്‍ തന്റെ വീട്ടില്‍ വന്നിരുന്നുവെന്ന് പ്രിയ ഭരതന്റെ ഭര്‍ത്താവ് ഭരതനും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നോ എന്ന് അറിയില്ലെന്നും ഭരതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്നായിരുന്നു ശ്രീജിത്തിന്റെ അമ്മ ശ്യാമള ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞത്. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്‍ ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നില്‍.വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത്‌ ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ സസ്‌പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു. 

click me!