ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന്റെ പ്രചാരണം പ്രിയങ്ക നയിക്കും

By Web DeskFirst Published Nov 18, 2016, 12:51 PM IST
Highlights

ലക്‌നോ: ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം പ്രിയങ്കഗാന്ധി നയിക്കും. മുതിർന്ന നേതാക്കളുമായി പ്രിയങ്ക ഇന്ന് കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരുന്നതോടെയാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണചുമതല പ്രിയങ്ക ഏറ്റെടുക്കുന്നത്. പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുമെന്ന് സംസ്ഥാനപിസിസി അധ്യക്ഷൻ രാജ് ബബ്ബർ തന്നെയാണ് വ്യക്തമാക്കിയത്.

നമ്മുടെ ആഗ്രഹം പ്രിയങ്ക അംഗീകരിച്ചുവെന്ന് അറിയിച്ച രാജ് ബബ്ബർ  പ്രചാരണം എവിടെ എപ്പോൾ തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഉത്ത‍ർപ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദ്, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദീക്ഷിത് എന്നിവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്റ്റബർ ആറ് മുതൽ രാഹുൽഗാന്ധി ഉത്തർപ്രദേശിൽ കിസാൻ യാത്ര നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

പ്രിയങ്ക പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പുതിയ നീക്കം. അടുത്ത 31ന് മുൻപ് രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.അപ്പോൾ അദ്ദേഹത്തിന് ഒരു സംസ്ഥാനം മാത്രം ശ്രദ്ധിക്കാൻ കഴിയില്ലെന്ന വാദവും അസുഖം മൂലം അമ്മ സോണിയാ ഗാന്ധിക്ക് പ്രചാരണത്തിൽ സജീവമാകാൻ കഴിയാത്ത അവസ്ഥയും കണക്കിലെടുത്താണ് പ്രിയങ്ക തന്റെ നിലപാട് മാറ്റിയത്.

click me!