മതിലകം കള്ളനോട്ട് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

By Web DeskFirst Published Jun 24, 2017, 9:22 AM IST
Highlights

തൃശൂര്‍: തൃശൂര്‍ മതിലകത്ത് യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയ്ക്ക്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം പ്രതി രാജീവിന് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

കള്ളനോട്ട് കേസില്‍ യുവമോര്‍ച്ച നേതാക്കളായ രാജേഷ് ഏരാശ്ശേരി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കേസന്വേഷണം ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്ന ആവശ്യം സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി അമ്മിണികുട്ടന് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസം ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലിസ് പിടിച്ചെടുത്തിരുന്നത്. ഇതില്‍ കൂടുതല്‍ നോട്ടുകള്‍ പ്രതികള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബാങ്കുകളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം രണ്ടാം പ്രതിയും രാജേഷിന്റെ സഹോദരനുമായ രാജീവിനുവേണ്ടി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് സംശയിക്കുന്നുണ്ട്.

click me!