
തിരുവനന്തപുരം: പാലക്കാട്ടെ കർഷകരിൽ നിന്ന് സപ്ലൈകോ ഇന്ന് തന്നെ നെല്ലുസംഭരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ചുരുങിയ വിലയ്ക്ക് നെല്ല് കിട്ടാനുള്ള മില്ലുടമകളുടെ നീക്കം അനുവദിക്കില്ലെന്നും മന്ത്രി നമസ്തേ കേരളത്തിൽ പറഞ്ഞു. അതെസമയം സപ്ലെകോ നേരിട്ട് നെല്ലെടുക്കാനുള്ള സർക്കാരിൻ്റെ തീരുമാനം ഏറെ വൈകി പോയെന്ന് പാലക്കാട്ടെ കർഷകർ പ്രതികരിച്ചു. നെല്ലെടുത്താൽ മാത്രം പോരാ എപ്പോൾ പണം കിട്ടുമെന്ന് കൂടി സർക്കാർ വ്യക്തമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കുട്ടനാട്ടിൽ നെല്ല് സംഭരണം അവസാനഘട്ടത്തിലാണ്. എന്നാൽ പാലക്കാട് നെല്ല് ഏറ്റെടുക്കാൻ മില്ലുടമകളുമായി ധാരണയിലെത്താൻ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സപ്ലൈകോ നേരിട്ട് കര്‍ഷകരിൽ നിന്ന് നെല്ല് ഏറ്റെടുക്കാൻ തീരുമാനമായത്. അതിനിടയിൽ മില്ലുടമകളുമായുളള ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. നെല്ല് സംഭരണത്തിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഭക്ഷ്യമന്ത്രിജി ആർ അനിലിന്‍റെ ഉറപ്പ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിക്കുന്ന പാലക്കാട് കൊയ്ത്ത് തുടങ്ങിയിട്ട് 2 മാസത്തിലേറെയായി. 70,000 ടണിലധികം നെല്ലാണ് ഒന്നാം വിളയിൽ ഉത്പാദിപ്പിക്കുന്നത്. നെല്ല് ഉണക്കി സൂക്ഷിക്കാൻ ഏറെ പാടുപെടുകയാണ് കര്‍ഷകര്‍. പലരും സാമ്പത്തിക പ്രതിസന്ധി കാരണം കിട്ടിയ വിലയ്ക്ക് നെല്ല് വിറ്റു. ഈ വൈകിയ വേളയിലുള്ള സര്‍ക്കാരിന്‍റെ ഇടപെടലിൽ ഒട്ടും തൃപ്തരല്ല കര്‍ഷകര്‍.
സപ്ലൈകോക്ക് നെല്ല് നൽകുന്ന കര്‍ഷകര്‍ പാടശേഖരസമിതി വഴി കൃഷി ഓഫീസിൽ വിവരം അറിയിക്കണം.നെല്ല് സംഭരണത്തിൻറെ ഭാഗമായി ഇവര്‍ക്ക് പാഡി സ്ലിപ് നല്കും. മില്ലുകളുമായി ധാരണയിലെത്താം എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ക്ക് നെല്ലെടുപ്പിനുളള സ്ലിപ് നല്കുന്നത്. മില്ലുകള്‍ നെല്ലെടുക്കാൻ തയ്യാറായില്ലെങ്കിൽ സപ്ലൈകോയും പ്രതിസന്ധിയിലാകും.