പ്രളയത്തിന് ശേഷവും ദുരിതം; ധനസഹായ പട്ടികയില്‍ വെട്ടിനിരത്തലെന്ന് പരാതി

By Web TeamFirst Published Sep 14, 2018, 7:11 AM IST
Highlights

മാവൂർ പഞ്ചായത്തിലെ 950 പേർക്ക് ധനസഹായം പാസായതായി ലിസ്റ്റ് വന്നെങ്കിലും 904 പേരുടെ അക്കൗണ്ടിൽ മാത്രമേ തുക എത്തിയുള്ളു. 

കോഴിക്കോട്: പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കുള്ള ധനസഹായത്തിനുള്ള പട്ടികയിൽ വ്യാപകമായ വെട്ടിനിരത്തലെന്ന് പരാതി. കോഴിക്കോട് മാവൂർ പഞ്ചായത്തിൽ നിന്ന് ആയിരത്തി നാനൂറോളം പേരുടെ പട്ടിക കളക്ടറേറ്റിലേക്ക് അയച്ചെങ്കിലും പതിനായിരം രൂപ ധനസഹായം പാസായത് 950 പേർക്ക് മാത്രമാണ്.

ഇതിൽ തന്നെ പലർക്കും ധനസഹായം കിട്ടിയിട്ടുമില്ല. മാവൂർ പുഴ കരകവിഞ്ഞ് ഒഴുകിയത് ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് തകര്‍ത്തത്.  മാവൂർ പഞ്ചായത്തിലെ 950 പേർക്ക് ധനസഹായം പാസായതായി ലിസ്റ്റ് വന്നെങ്കിലും 904 പേരുടെ അക്കൗണ്ടിൽ മാത്രമേ തുക എത്തിയുള്ളു.

പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിലെ പല വീടുകളിലും റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്താൻ സന്നദ്ധത കാണിച്ചില്ലെന്ന് പ്രസിഡന്‍റ് പറയുന്നു. കോഴിക്കോട് കക്കോടി പഞ്ചായത്തിലും അർഹതപ്പെട്ട 200ഓളം ആളുകൾക്ക് ധനസഹായം കിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്.

അതേസമയം അർഹതപ്പെട്ടവർക്ക് ധനസഹായം കിട്ടിയില്ലെന്ന് പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ പുറത്തു വരുന്നുണ്ട്. അതേസമയം, പ്രളയദുരന്തത്തില്‍ സഹായം അഭ്യ‍ർത്ഥിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു.

4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഉൾക്കൊള്ളിക്കാവുന്ന തുകയാണിതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

click me!