ഇരയുടെ ജീവനു പോലും ഭീഷണിയുണ്ട്; പ്രതിക്ക് ജാമ്യം നല്‍കരുത്

Published : Jul 15, 2017, 11:20 PM ISTUpdated : Oct 04, 2018, 05:57 PM IST
ഇരയുടെ ജീവനു പോലും ഭീഷണിയുണ്ട്; പ്രതിക്ക് ജാമ്യം നല്‍കരുത്

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നടന്നത് ഏറെ നേരം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍. ഒടുവില്‍ അരമണിക്കൂറിലധികം മാറ്റി വച്ച ശേഷമാണ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ ഇരയുടെ ജീവനുപോലും ഭീഷണിയുണ്ടാകുമെന്നായിരുന്നു പ്രോസിക്യൂഷൻറെ പ്രധാന വാദം. ഇതു കൂടി അംഗീകരിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

അങ്കമാലി ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം 2.40 ഓടെയാണ് ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. എ സുരേശനുമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ തന്നെ ശക്തമായ പ്രചരണമാണ് നടക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിമുഖങ്ങളില്‍ അയാള്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനിലയുടെ തെളിവാണ്.

സമൂഹമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രചാരണങ്ങൾ നടക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളിൽ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ദിലീപിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചുമത്തിയ ആരോപണങ്ങളെല്ലാം കളവാണെന്ന് പ്രതിഭാഗം വാദിച്ചു. മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ സുനില്‍ കുമാറിന്റെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ള തെളിവ്. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത് ജയിലില്‍ നിന്ന് അയച്ച കത്തില്‍ ഒരു കാറിന്റെ നമ്പര്‍ എഴുതിയത് കൊണ്ട് മാത്രം അത് ഗൂഡാലോചനയുടെ തെളിവായി മാറില്ല. ജയില്‍ കിടന്ന് പ്രതികള്‍ എങ്ങനെ ഫോണ്‍ ഉപയോഗിച്ചു എന്നും അവിടെ നിന്ന് മറ്റുള്ളവരെ എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്.   ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ജാമ്യം അനുവദിക്കണമെന്നും സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫോണുകള്‍ പിടിച്ചെടുക്കാനായി പൊലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.

അതേസമയം ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകാനായില്ല. ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. നടിയെ ആക്രമിച്ച സംഭവത്തിലെ പല കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമായിരുന്നെന്നാണ് തെളിയുന്നത്. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോൾ അപ്പുണ്ണിയെ മുന്നിൽ നിർ‍ത്തി കേസ് ഒതുക്കാൻ ദീലീപ് ശ്രമിച്ചിരുന്നു. ജയിലിൽക്കഴിഞ്ഞിരുന്ന സുനിൽകുമാറിന് ഇടനിലക്കാർ മുഖേന പണം കൈമാറാനും ദിലീപ് നീക്കം നടത്തിയിരുന്നു.

ഇതിനെല്ലാം മുന്നിൽ നിന്നത് അപ്പുണ്ണിയാണെന്നാണ് കണ്ടെത്തൽ. ഇയാൾ കണ്ടെത്തി അറസ്റ്റുചെയ്യുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിടച്ചിട്ടുണ്ട്. 2012 ൽ മറ്റൊരു നടിയെ കെണിയിൽ പെടുത്താൻ സുനിൽകുമാർ ശ്രമിച്ചിരുന്നെന്ന അറിവിലാണ് ദിലീപ് ക്വട്ടേഷൻ ഇയാൾക്കു തന്നെ നൽകിയതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് കൂടുതൽ ആളുകളെ തെരഞ്ഞെടുക്കാനും സുനിൽകുമാറിനെ ചുമതലപ്പെടുത്തി. എന്നാൽ ക്വട്ടേഷൻ നൽകിയത് താനാണെന്ന് ഒരിക്കലും പുറത്തറിയരുതെന്ന് ദിലീപ് നി‍ർദേശിച്ചിരുന്നു. ഇതിനിടെ ചില അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് അന്വേഷണം സംഘം അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വസ്ത്രത്തെച്ചൊല്ലി വിവാദം; നടി കൃതി സാനൻ അഭിനയിച്ച പരസ്യം പിൻവലിച്ച് ജ്വല്ലറി
ശബരിമല ദർശനം തടഞ്ഞു, ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും ട്രാൻസ്ജെൻഡർ യുവതി; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി