ഇന്ത്യയെ വിശ്വസ്തവും പ്രധാനപ്പെട്ടതുമായ ഒരു 'ആഗോള ശക്തി' എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ
ദില്ലി: ഇന്ത്യയെ വിശ്വസ്തവും പ്രധാനപ്പെട്ടതുമായ ഒരു 'ആഗോള ശക്തി' എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ വാർത്താ ഏജൻസിയായ പിടിഐ പ്രതിനിധികളുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയെ പുടിൻ പ്രശംസിച്ചതും പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള റഷ്യയുടെ നയതന്ത്ര തന്ത്രങ്ങൾ വ്യക്തമാക്കിയതും. ഇന്ത്യയും റഷ്യയും തമ്മിൽ സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തമാണ് ഉള്ളതെന്ന് പുടിൻ ആവർത്തിച്ചു. റഷ്യയുമായുള്ള സഹകരണം കുറയ്ക്കാൻ പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയ്ക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഒട്ടും ബാധിക്കില്ലെന്നും അത്തരം ശ്രമങ്ങൾ ആഗോള സ്ഥിരതയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണവും സൂക്ഷ്മവുമായ ഒന്നാണെന്ന് പുടിൻ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും ശ്രമിക്കുന്നുണ്ടെന്നും അതിൽ ഇടപെടാൻ റഷ്യയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയ്ക്ക് ഇരുരാജ്യങ്ങളുമായും ശക്തമായ ബന്ധമാണുള്ളത്.
പാകിസ്ഥാൻ പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിലാണെന്ന വാദം പുടിൻ തള്ളി. പാകിസ്ഥാൻ ഒരു വലിയ രാജ്യമാണെന്നും അവർക്ക് വിവിധ രാജ്യങ്ങളുമായി ബഹുമുഖ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും പാകിസ്ഥാനെ സംബന്ധിച്ച് ചൈനയുമായുള്ള സഹകരണം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായി ചേർന്നുള്ള ബ്രഹ്മോസ് മിസൈൽ പദ്ധതിയെ പുടിൻ അഭിനന്ദിച്ചു. കൂടാതെ, അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യയിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും സാങ്കേതിക വിദ്യകൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ റഷ്യ തയ്യാറാണെന്നും ഇതിൽ യാതൊരുവിധ നിയന്ത്രണങ്ങളും തങ്ങൾക്കില്ലെന്നും പുടിൻ വ്യക്തമാക്കി.



