അഭിമന്യുവിന്‍റെ കൊലക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘം, തീവ്രവാദ ബന്ധം പരിശോധിക്കും: ഡിജിപി

By Web DeskFirst Published Jul 4, 2018, 12:45 PM IST
Highlights
  • 15 അംഗ അക്രമി സംഘമെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്
  • ഒളിവിലുള്ളവരെക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ്
  • ഗൂഢാലോചന നടന്നത് ക്യാമ്പസ് ഫ്രണ്ടിന്‍റെ സ്വകാര്യ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച്

കൊച്ചി: അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ പ്രോഫഷണല്‍ സംഘമെന്നാണ് പ്രഥമിക നിഗമനമെന്ന് ഡിജിപി ലോകനാഥ് ബഹ്റ. കൊലപാതകത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന്  ഇപ്പോള്‍ പറയാനാകില്ലെന്നും ‍ഡിജിപി പറഞ്ഞു. അതിനിടെ കേസില്‍  റിമാന്‍റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന്  കോടതിയെ സമീപിക്കും.

ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് മഹാരാജാസിലെ കൊലപാതകമെന്ന വ്യക്തമായ സൂചനകളാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. രാത്രി പതിനൊന്നരയോ‍ടെ നടന്ന ആദ്യ ഏറ്റുമുട്ടലിനു ശേഷം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മഹാരാജാസിലെ വിദ്യാര്‍ഥിയുമായ മുഹമ്മദാണ് അക്രമികളെ വിളിച്ചുവരുത്തിയത്. 

പ്രൊഫഷണല്‍ കൊലയാളികളടക്കമുള്ള ഈ സംഘം ആയുധങ്ങളുമായി എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. 15 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  അക്രമികള്‍ക്ക് പ്രദേശിക സഹായവും ലഭിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായവരില്‍ നിന്ന്  പ്രതികളെ സംബന്ധിച്ച സൂചനകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടക്കുകയാണ്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളും നിരീക്ഷണത്തിലാണ്. 

എസ്ഡിപിഐയുടേയും കാമ്പസ് ഫ്രണ്ടിന്‍റെയും പ്രധാന നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ സംഭാഷണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വഷണത്തിന്‍റെ ഭാഗമായി നേതാക്കളടക്കം നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റ‍ഡിയില്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. 

മേഖലാ ഐജിമാരുടെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍. അതിനിടെ ഇന്നലെ റിമാന്‍റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയെ സമീപിക്കും. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്‍റെ കണക്കു കൂട്ടല്‍

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ക്യാമ്പസ് ഹോസ്റ്റല്‍ എന്ന് വിളിക്കുന്ന സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ചാണ് ഡൂഢാലോചന നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇവിടെ പോലീസ് പരിശോധന നടത്തി.  ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചിരുന്നത് ഈ ഹോസ്റ്റലിലാണെന്ന്  കേസില്‍ അറസ്റ്റിലായ മഹാരാജാസ് കോളേജ് വിദ്യാര്‍ഥി ഫാറൂഖ് മൊഴി നല്‍കിയിരുന്നു.

 

click me!