ധാക്ക ഭീകരാക്രമണം: വൈസ്‍ചാന്‍സ്‍ലര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Jul 17, 2016, 3:20 PM IST
Highlights

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ ഡെപ്യൂട്ടി വൈസ്‍ചാന്‍സ്‍ലര്‍ അടക്കം മൂന്ന് പേരെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തു. ധാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റി (എന്‍എസ്‍യു) സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജിയാസ് ഉദ്ദിന്‍ അഹ്‌സാന്‍ ഉള്‍പ്പെടയുള്ളവരെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  അഹ്സാന്‍റെ മരുമകനും അക്രമികള്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ മാനേജരും അറസ്റ്റിലായി. വാടകക്ക് താമസിക്കാനെത്തിയവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാത്തതിനാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

 

ജൂലൈ ഒന്നിന് ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ 5 ഭീകരരും കൊല്ലപ്പെട്ടു. അക്രമകള്‍ ജൂണ്‍ മുതല്‍ ഈ അപ്പാര്‍ട്ടമെന്റില്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്ന് ഗ്രേനേഡുകളും മറ്റ് സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

വാടകക്ക് താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് ഈ വര്‍ഷം ആദ്യം എല്ലാ അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്കും ധാക്ക പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രിമിനലുകളും ഭീകരരും വാടകവീടുകളില്‍ അഭയം തേടുന്നുവെന്നായിരുന്നു നിരീക്ഷണം. ആക്രമണത്തിന്‍റെ സൂത്രധാരന്മാരെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മൂന്ന് പേരുടെ അറസ്റ്റ്.

click me!