തീവ്രവാദികള്‍ക്കെതിരെ നിലപാടെടുത്ത സമരക്കാരെ പ്രോത്സാഹിപ്പിക്കണം:  പി.ജയരാജന്‍

web desk |  
Published : May 14, 2018, 12:15 AM ISTUpdated : Oct 02, 2018, 06:35 AM IST
തീവ്രവാദികള്‍ക്കെതിരെ നിലപാടെടുത്ത സമരക്കാരെ പ്രോത്സാഹിപ്പിക്കണം:  പി.ജയരാജന്‍

Synopsis

കീഴാറ്റൂര്‍ ബൈപ്പാസ് അലൈമന്റിനെതിരായി നില്‍ക്കുന്ന വയല്‍ക്കിളികളുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി.ജയരാജന്‍.

കണ്ണൂര്‍:  കീഴാറ്റൂര്‍ ബൈപ്പാസ് അലൈമന്റിനെതിരായി നില്‍ക്കുന്ന വയല്‍ക്കിളികളുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി.ജയരാജന്‍. പാര്‍ട്ടി സമരക്കാരുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി സമരത്തില്‍ തുടര്‍ച്ചയായി എടുക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചമാത്രമാണ് ആ ചര്‍ച്ചയെന്നായിരുന്നു പി.ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ദേശീയ പാത അഥോറിറ്റി നിശ്ചയിച്ച സ്ഥലം അളന്ന് കോടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ് അത് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ കീഴാറ്റൂരില്‍ ഒതുങ്ങി നിന്ന സമരം ലോങ്ങ് മാര്‍ച്ച് പ്രഖ്യാപനത്തോടെ സംസ്ഥാന വ്യാപകമായി സമരം ഉയര്‍ത്താനുള്ള ശ്രമം ഉണ്ടായി. ഈ സമയത്താണ് പാര്‍ട്ടി സമര നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. 

പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ പുറത്താക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ പോയി. സമരനേതാവ് സുരേഷ് കീഴാറ്റൂരിനെയടക്കം കണ്ടു സംസാരിച്ചു. സമരക്കാരെ സംബന്ധിച്ച് വയലില്‍ നിന്ന് അലൈന്‍മെന്റ് മാറ്റിയാല്‍ മതി. ബൈപ്പാസ് പ്രശ്‌നത്തിലൊഴികെ സിപിഐഎം കൈക്കൊള്ളുന്ന രാഷ്ട്രീയ സമീപനങ്ങളോട് തികഞ്ഞ യോജിപ്പുണ്ടെന്നും പി.ജയരാജന്‍ എഴുതുന്നു. 

ഭൂമി പ്രശ്‌നങ്ങളില്‍ ഉണ്ടാകുന്ന സമരങ്ങളില്‍ തീവ്രവാദശക്തികളാണ് മുതലെടുക്കുന്നത്. ആര്‍എസ്എസ് - ഇസ്ലാമിസ്റ്റ് തീവ്രവാദ ശക്തികള്‍ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കും. ഇത് എല്ലാവരും തിരിച്ചറിയണം. ഈ തിരിച്ചറിവുണ്ടായതിന്റെ ഫലമായാണ് സമരത്തെ വര്‍ഗ്ഗീയ ശക്തികള്‍ കൈയടക്കുന്നതിനെതിരെ നിലപാടെടുക്കാന്‍ സമരക്കാര്‍ക്ക് കഴിഞ്ഞത്. ഈ നിലപാടിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പി.ജയരാജന്‍ എഴുതുന്നു.
 

പി.ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരം നടത്തിയവരുമായി സിപിഐ(എം) രഹസ്യ ചർച്ച നടത്തി എന്നാണ് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയത്.ഇതിൽ യാതൊരു രഹസ്യവുമില്ല.പാർട്ടി തുടർച്ചയായി എടുക്കുന്ന സമീപനം തന്നെയാണ് ഇത്.
കീഴാറ്റൂർ പ്രദേശത്ത് സമരത്തിൽ ഏർപ്പെട്ടവർ പാർട്ടിയുടെ ഭാഗമായി നിന്നവരാണ്.അവർക്ക് നാഷണൽ ഹൈവേ ബൈപ്പാസ് അലൈന്മെന്റ് കീഴാറ്റൂർ വഴി ആവരുത് എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്.ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളത്.
കാരണം ബൈപ്പാസ് അലൈന്മെന്റ് നിശ്ചയിക്കുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള അതോറിറ്റിയാണ്.അവരുടെ മാനദണ്ഡ പ്രകാരം അലൈന്മെന്റ് നിശ്ചയിച്ച് കഴിഞ്ഞ സാഹചര്യത്തിൽ പ്രസ്തുത ഭൂമി ഏറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്വമാണ് സംസ്ഥാന ഗവണ്മെന്റിന് ഉള്ളത്.അതിന്റെ ഭാഗമായി ജില്ലയിലെ സർവ്വേ പ്രവർത്തനങ്ങൾ എതിർപ്പുകൾ മറികടന്ന് പൂർത്തീകരിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ലോങ് മാർച്ച് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
അങ്ങനെ കീഴാറ്റൂരിൽ ഒതുങ്ങി നിന്ന സമരത്തെ സംസ്ഥാന വ്യാപകമായി ഉയർത്താനാണ് ആസൂത്രണം ഉണ്ടായത്.ഈ ഘട്ടത്തിലാണ് കഴിഞ്ഞകാലത്ത് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി പാർട്ടി ഇടപെട്ടത്.അതിന്റെ ഭാഗമായി നടപടി എടുക്കപ്പെട്ട മുൻ പാർട്ടി മെമ്പർമാരെയാകെ കണ്ടു സംസാരിക്കണമെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു.ഉത്തരവാദപ്പെട്ട നേതാക്കന്മാർ അവരുടെ വീടുകളിൽ എത്തിയാണ് പാർട്ടിയുടെ അഭ്യർത്ഥന അവരുടെ മുന്നിൽ വെച്ചത്.അതിനെ തുടർന്നാണ് സമരനേതാവായ സുരേഷും മറ്റുമായി സംസാരിച്ചത്.ഇതിലെല്ലാം പാർട്ടി സമരക്കാരോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു.കേരളത്തിലെ വികസന പ്രശ്നങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ട ഘട്ടങ്ങളിൽ സ്വാഭാവികമായി ഭൂവുടമകൾക്ക് ഉണ്ടാവുന്ന പ്രയാസങ്ങൾ മുതലെടുത്ത് കൊണ്ട് തീവ്രവാദ ശക്തികളാണ് രംഗത്ത് വരുന്നത്.ഇക്കാര്യം സമരത്തിന്റെ തുടക്കം മുതൽ പാർട്ടി ചൂണ്ടി കാണിച്ചതാണ്. 2018 മാർച്ച് 17 ന്റെ ദേശാഭിമാനി പത്രത്തിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു. " വികസനപ്രശ്നങ്ങൾ വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ ചൂഷണംചെയ്യാൻ ചില തീവ്രവാദശക്തികൾ കീഴാറ്റൂർപോലെ മറ്റിടങ്ങളിലും ഇടപെടുന്നു എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരായ അവസരമായി മുതലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കല്ല ചില തീവ്രവാദശക്തികൾക്കാണ് അതിന്റെ നേട്ടമെന്നത് എല്ലാവരും തിരിച്ചറിയണം. കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരത്തിൽനിന്ന് പുരോഗമനശക്തികളാകെ ഉൾക്കൊള്ളേണ്ട പാഠമാണിത് "

കീഴാറ്റൂർ സമരം ലോങ് മാർച്ചാവുന്നതോടെ ആർ എസ് എസ്-ഇസ്ളാമിസ്റ് തീവ്രവാദ ശക്തികൾക്ക് പൂർണ്ണ നിയന്ത്രണം ലഭിക്കും.
ഇക്കാര്യമാണ് ഒടുവിലും പാർട്ടി ചൂണ്ടി കാണിച്ചത്.ഇത് ഇടതുപക്ഷ മനസുള്ള എല്ലാവരെയും ബോധ്യപ്പെടുത്തതാനായി.
പാർട്ടിയുടെ ഈ അഭിപ്രായത്തോട് യോജിക്കുമ്പോൾ തന്നെ
സമരം നടത്തിയവർക്ക് വയൽ വഴിയുള്ള ബൈപ്പാസ് അലൈന്മെന്റ് മാറ്റണമെന്ന അഭിപ്രായം തന്നെയാണുള്ളത്.
അതായത് വർഗ്ഗീയ തീവ്രവാദ ശക്തികളുടെ പൂർണ്ണ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ലോങ് മാർച്ച് തൽക്കാലമെങ്കിലും മാറ്റി വെക്കാൻ അവർ തയ്യാറായിരുന്നു.
ഇത് നല്ല സൂചനയായി കണക്കാക്കുന്നു.

ഇങ്ങനെ ചർച്ച നടത്തിയതിനെ കുറ്റപ്പെടുത്തിയ ചിലരെങ്കിലുമുണ്ട്. അവരിൽ ചിലർ സമരത്തിൽ അണിനിരന്ന ആളുകളെ മുഴുവൻ പാർട്ടി ശത്രുക്കളായി കണക്കാക്കിക്കൊണ്ട സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങൾ നടത്തുന്നുണ്ട്.ഇത് പാർട്ടി അംഗീകരിക്കുന്ന സമീപനമല്ല.എന്തുകൊണ്ടെന്നാൽ അവരിൽ പലർക്കും ബൈപ്പാസ് പ്രശ്‌നത്തിൽ ഒഴികെ സിപിഐ എം കൈക്കൊള്ളുന്ന രാഷ്ട്രീയ സമീപനങ്ങളോട് തികഞ്ഞ യോജിപ്പുണ്ട്.
അതിന്റെ ഫലമായാണ് സമരത്തെ വർഗ്ഗീയ തീവ്രവാദ ശക്തികൾ കൈയ്യടക്കുന്നതിനെതിരായ ഉറച്ച നിലപാട് അവർ സ്വീകരിച്ചത്.ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.തെറ്റായ സമീപനം തിരുത്തിക്കുന്നതിന് പകരം ശത്രുപാളയത്തിൽ എത്തിക്കുന്ന പ്രതികരണങ്ങൾ ഒരിക്കലും പാർട്ടിക്ക് ഗുണപരമാകില്ല.തെറ്റ് തിരുത്താൻ സഹായകരമായ നിലപാടാണ് പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും കൈക്കൊള്ളേണ്ടത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ