കൃത്രിമ ജലപാത; പാനൂരില്‍ സർക്കാർ കുഴിച്ചിടുന്ന ജല ബോംബ്

അശ്വതി താര |  
Published : Jun 29, 2018, 04:43 PM ISTUpdated : Oct 02, 2018, 06:49 AM IST
കൃത്രിമ ജലപാത; പാനൂരില്‍ സർക്കാർ കുഴിച്ചിടുന്ന ജല ബോംബ്

Synopsis

നിര്‍ദ്ദിഷ്ട കൃത്രിമ ജലപാത നിർമാണ പദ്ധതിക്കെതിരെ പ്രക്ഷോഭം പദ്ധതി തങ്ങള്‍ക്ക് വേണ്ടെന്ന് നാട്ടുകാര്‍ കീഴാറ്റൂരിന് പിന്നാലെ പ്രക്ഷോഭവുമായി പാനൂരിലെ ജനതയും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ ജനത ജീവന്‍ പണയം വച്ച് ഒരു സമരത്തിനൊരുങ്ങുകയാണ്. തങ്ങളുടെ ജീവനും ജീവിതത്തിനും കുറുകെ സര്‍ക്കാര്‍ കുഴിച്ചിടുന്ന ജലബോംബിനെതിരെ. ഇടത് സര്‍ക്കാരിന്‍റെ 
 വികസന പദ്ധതിയിലെുള്ള പാനൂരിലെ കൃത്രിമ ജലപാത നിർമാണം പുതിയ പാരിസ്ഥിതിക പ്രശ്നമായി മാറുകയാണ്. പരിസ്ഥിതിയ്ക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന നിര്‍ദ്ദിഷ്ട കൃത്രിമ ജലപാത സര്‍ക്കാരിന് വികസന നേട്ട ഫ്ലക്സുകളില്‍ നിരത്താനുള്ള പട്ടികകളിലൊന്ന് മാത്രമാണ്. എന്നാല്‍ പാനൂരിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് അത് തങ്ങളുടെ കുടവെള്ളം മുട്ടിക്കുന്ന, ജീവിതം തന്നെ ഇല്ലാതാക്കുന്ന പദ്ധതിയാണ്.

കേരളം അടുത്തിടെ കണ്ട വലിയ ജനപ്രക്ഷോഭങ്ങളിലൊന്നായ കീഴാറ്റൂർ വയൽകിളി സമരത്തിന് പിന്നാലെയാണ് നിര്‍ദ്ദിഷ്ട കൃത്രിമ ജലപാത നിർമാണ പദ്ധതിക്കെതിരെ സമരവുമായി കണ്ണൂര്‍ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ ജനങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മാത്രം മൂന്നിടങ്ങളിലായി 24 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ജലപാത തങ്ങളുടെ ജീവിതം ഇല്ലാതാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പദ്ധതിക്കെതിരെ പ്രദേശവാസികള്‍ സമരസമതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ കീഴാറ്റൂര്‍ സമരം പോലെ പാനൂരിലെ ജലപാതയ്ക്കെതിരെയുള്ള സമരവും വലിയ ജനശ്രദ്ധ നേടുകയാണ്.

നാടിനും നാട്ടാർക്കും വേണ്ടാത്ത ഈ വികസനം ആർക്കുവേണ്ടിയാണ് സർക്കാർ നടപ്പിലാക്കുന്നത്?

സര്‍ക്കാരിന്‍റെ പ്ലാനിലുള്ള കൃത്രിമ ജലപാത നടപ്പിലായാല്‍  നൂറുകണക്കിന് ആളുകളുടെ കിടപ്പാടം ഇല്ലാതാകും. നിരവധി പരിസ്ഥിതിപ്രശ്നങ്ങൾക്ക് പ്രദേശം ഇരയാകും. തങ്ങൾക്ക് ഈ പദ്ധതിക്കൊണ്ട് യാതൊരുവിധ ​ഗുണവുമില്ലെന്ന് ജനങ്ങൾ എത്ര പറഞ്ഞിട്ടും ചെവികൊടുക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.  നാടിനും നാട്ടാർക്കും വേണ്ടാത്ത ഈ വികസനം ആർക്കുവേണ്ടിയാണ് സർക്കാർ നടപ്പിലാക്കുന്നത്? ഈ ചോദ്യത്തിന് ഇടത് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നും, തങ്ങളുടെ പ്രശ്നം കേള്‍ക്കാതെ പദ്ധതി നടപ്പിലാക്കാനാകില്ലെന്ന് സമരസമിതി ഉറച്ച നിലപാടെടുത്ത് സമരം തുടരുകയാണ്. 

24 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ജലപാതയില്‍ 10 കീലോമീറ്റര്‍ ദൂരം കടന്നുപോകേണ്ടത് പാനൂർ അയല്‍പ്രദേശങ്ങളായ പെരിങ്ങത്തൂർ, പെരിങ്ങളം, പന്ന്യന്നൂർ, മൊകേരി, തൃപ്രങ്ങോട്ടൂർ എന്നീ വില്ലേജുകളിലൂടെയാണ്. ഇതിനായി ഡിസംബർ മാസത്തിൽ ഡ്രോൺ സർവേ ഉപയോഗിച്ച് ആങ്കർ പോയിന്റുകൾ തയ്യാറാക്കി. പദ്ധതി നടപ്പിലാക്കുമ്പോള്‍ നൂറുകണക്കിന് വീടുകള്‍ പൊളിച്ചുമാറ്റേണ്ടിവരും. എന്നാല്‍ ജില്ലഭരണകൂടത്തിന്‍റെ കണക്കില്‍ 92 വീടുകള്‍ മാത്രമേ നഷ്ടമാകൂ എന്നാണുള്ളത്.  പദ്ധതി സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുവെന്നാണ് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കനാലിൽ ഉപ്പുവെള്ളം കയറിയാൽ മേഖലയിലെ ശുദ്ധജല ലഭ്യത ഇല്ലാതാകും

അതേസമയം സുല്‍ത്താന്‍ തോടും കനോലി കനാലും പരാജയപ്പെട്ട സംസ്ഥാനത്താണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. മയ്യഴിപുഴ മുതല്‍ എരഞ്ഞോളി പുഴ വരെയുളള 30 കിലോമീറ്റര്‍ നീളത്തില്‍ 60 മീറ്റര്‍ വീതിയില്‍ കരയിലൂടെ കനാലുകൾ നിർമ്മിച്ചാണ് കൃത്രിമ ജലപാത നിര്‍മ്മിക്കുന്നത്. പൂർണ്ണമായും സംസ്ഥാന സർക്കാറിന്‍റെ കീഴിലുള്ള ഈ പദ്ധതി ടൂറിസം, ചരക്ക് നീക്കം എന്നിവ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. ഭൂഗർഭ ജലവിതാനം അപകടകരമാം വിധം കുറഞ്ഞുവരുന്ന പ്രദേശമാണ് പാനൂർ. വേനല്‍ക്കാലത്ത് വരണ്ടുപോകുന്ന പുഴകളുള്ള പ്രദേശമായതിനാൽ പദ്ധതി സാധ്യമാകണമെങ്കില്‍ കനാലിൽ കടല്‍ജലം കടത്തിവിടേണ്ടിവരും. കടലില്‍ നിന്നും വെളളം കയറുന്ന പുഴകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ ജലപാതയിലെ വെളളത്തില്‍ ഉപ്പുരസം കലരുകയും ചെയ്യുന്നു. കനാലിൽ ഉപ്പുവെള്ളം കയറിയാൽ മേഖലയിലെ ശുദ്ധജല ലഭ്യത ഇല്ലാതാകും. അങ്ങനെയായാല്‍ ജലപാതയുടെ ഇരുതീരങ്ങളും തീരദേശ പരിപാലനത്തിന്റെ പരിധിയിൽപ്പെടുമെന്നും ആശങ്കയുണ്ട്. മാത്രമല്ല ഇരുകരകളിലും 100 മീറ്ററിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ല. 

ഗെയ്ല്‍ പദ്ധതി, പഴശ്ശി കനാല്‍, 220 കെ.വി. ലൈന്‍ തുടങ്ങി ഒട്ടനവധി പദ്ധ​തികളാണ് ഇതിനോടകം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. ഇത്തരം പദ്ധ​തികളെല്ലാംതന്നെ നിരവധി പരിസ്ഥിതിപ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളവയാണ്. ജലപാത നിർമ്മാണത്തിനായുള്ള മണൽശേഖരവും മരങ്ങള്‍ മുറിച്ച് മാറ്റുന്നതും പുതിയ പരിസ്ഥിതിപ്രശ്നങ്ങൾക്കും വഴിയൊരുക്കും. നേരത്തെ 250 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിനും നാലുവരിപാതയ്ക്കുമായി നിരവധി മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇത്തരത്തിൽ നിരവധി പരിസ്ഥിതിപ്രശ്നങ്ങൾക്ക് കാരണമാകുന്ന പദ്ധതികൾ ​ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് ഉറപ്പിച്ച് പറയാം. ഇന്നത്തെ വികസന പദ്ധതികൾ, മാതൃകകൾ നാളെത്തെ തലമുറയ്ക്കുംകൂടി ഉപകാരപ്രദമാകേണ്ടതാണ്. എന്നാൽ നിര്‍ദിഷ്ട കൃത്രിമ ജലപാത നിർമാണ ഭാവി തലമുറയെകൂടി ദുരിതത്തിലാക്കുന്നതാണ്.

പാനൂര്‍ നഗരസഭയിലുൾപ്പെടുന്ന പാനൂര്‍, എലാംത്തോട്, ചെമ്പാട്, കിഴക്കെ ചെമ്പാട്, മൊകേരി, കണ്ണംവെളളി എന്നീ പ്രദേശത്തെ കൂട്ടായ്മയാണ് കൃത്രിമ ജലപാത നിർമാണ നീക്കത്തിനെതിരെ ഒരു സംയുക്ത സമരസമിതിക്ക് രൂപം നല്‍കിയത്. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപങ്കാളിത്തമാണ് സമരസമിതിയിലുള്ളത്. കൃത്രിമ ജലപാത ഇതുവരെ അഞ്ചോളം പ്രക്ഷോഭ പരിപാടികൾ സമരസമിതി സംഘടിപ്പിച്ചിട്ടുണ്ട്. ഭാവി തലമുറയെകൂടി ദുരിതത്തിലാക്കുന്ന പദ്ധതി നടപ്പിൽ വരാതിരിക്കുന്നതിനായി രാപ്പകൽ പോരാടാൻ തയ്യാറാണ് ഈ ജനത.

പിന്നീട് ശുദ്ധജലം നഷ്ടപ്പെടുമെന്ന കാരണത്താൽ കണ്ണൂരിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കി

1984 കെപി ഉണ്ണികൃഷ്ണന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് ഉള്‍നാടന്‍ ജലപാതയെന്ന പദ്ധതി ആദ്യമായി മുന്നോട്ട് വെച്ചത്. അന്ന് പദ്ധതിക്കുവേണ്ടി തിരുവനന്തപുരം മുതൽ കാസര്‍ഗോഡ് വരെ ജലപാത നിര്‍മ്മിക്കാനുളള അലൈന്‍മെന്‍റ്  നടത്തി. തുടർന്ന് പാരിസ്ഥിതിക പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതി കൊല്ലം മുതല്‍ കോഴിക്കോട് വരെയാക്കി ചുരുക്കുകയായിരുന്നു. കണ്ണൂർ ശുദ്ധജലമേഖലയാണെന്നായിരുന്നു അന്ന് പാരിസ്ഥിതിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. പിന്നീട് ശുദ്ധജലം നഷ്ടപ്പെടുമെന്ന കാരണത്താൽ കണ്ണൂരിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. 

കണ്ണൂരിലെ ഉള്‍പ്രദേശങ്ങളിൽ പദ്ധതി നടപ്പിലാക്കിയാല്‍ ഉപ്പുവെളളം കയറുമെന്നതും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജലപാത കാസര്‍കോടുവരെ നീട്ടുകയാണെങ്കിൽ പതിനോളം കുന്നുകള്‍ ഇടിക്കേണ്ടിവരുമെന്നതിനാൽ  പദ്ധതിയില്‍ നിന്നും കാസര്‍ഗോഡിനെയും ഒഴിവാക്കിയിരുന്നു. തുടർന്ന് കണ്ണൂർ, കാസര്‍ഗോഡ്, തിരുവനന്തപുരം എന്നീ ജില്ലകളെ പദ്ധതിയിൽനിന്നും ഒഴിവാക്കി. എന്നാൽ ആ പദ്ധതിയാണ് ഇതെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സംസ്ഥാനസർക്കാർ പുതിയ പദ്ധതിയെ കണ്ണൂരില്‍ നടപ്പിലാക്കുന്നത് എന്ന് സരമസമിതിയുടെ ആരോപണം. 1987 ല്‍ ഈ പദ്ധതി നടപ്പിലാക്കണമെന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കണ്ണൂരില്‍ തീരദേശപാത മതിയെന്ന നിലപാടായിരുന്നു ഇ.കെ നായനാര്‍ സ്വീകരിച്ചത്. 

ഇതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ അലൈമെന്‍റ് പാനൂരിലേക്ക് മാറ്റുകയായിരുന്നു

എന്നാൽ, ഇത്തരമൊരു പദ്ധതി നാട്ടിൽ നടപ്പിലാക്കുമ്പോൾ അതുകൊണ്ട് നാടിനും നാട്ടുകാർക്കും എന്ത് നേട്ടമാണുണ്ടാകുക എന്നതിനെക്കുറിച്ചോ  പദ്ധതിക്കൊണ്ട് ലഭിക്കാവുന്ന വരുമാനത്തെക്കുറിച്ചോ സർക്കാർ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.  സംസ്ഥാന ബജറ്റില്‍ 650 കോടി രൂപ വിലയിരുത്തിയിട്ടുളള പദ്ധതിയാണിത്. നേരത്തെ മാക്കൂല്‍ വഴി പദ്ധതി കൊണ്ടുപോകാനുളള ശ്രമം നടന്നിരുന്നു. എന്നാൽ 2017 ഡിസംബറില്‍ ഇതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ അലൈമെന്റ് പാനൂരിലേക്ക് മാറ്റുകയായിരുന്നു. 

നിര്‍ദ്ദിഷ്ട കൃത്രിമ ജലപാത പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പെരിങ്ങത്തൂര്‍, പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യനൂര്‍, മൊകേരി എന്നീ വില്ലേജുകളിലൂടെ കടുന്നുപോകുന്നതാണ് ഒന്നാം ഘട്ടം.  മയ്യഴി പുഴയുടെ പെരുങ്ങത്തൂര്‍ ഭാഗത്തെ കൈവഴിയായ കൊച്ചിയങ്ങാടി, എലിതോട്, ഏലാംകോട്, പുഞ്ചവയല്‍ കല്ലമ്മതോട്, ബേസില്‍ പീടിക, തെക്കേ പാനൂര്‍, പാനൂര്‍ വയല്‍ ഭാഗം, കൊളത്തുപീടിക, കിഴക്കേ ചമ്പാട്, ചമ്പാട് തോട്ടുങ്കല്‍, കുന്നോത്ത് മുക്ക്, വഴി എരഞ്ഞോളി പുഴയിലെ ചാടാലപാഴ തടയണ വരെയുള്ള 10  കിലോമീറ്റര്‍ ഇതിൽ ഉൾപ്പെടും. 

 ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതികൾ നടപ്പിലാക്കാന്‍ ആര്‍ക്കാണ് നിര്‍ബന്ധം ?

തലശ്ശേരി വില്ലേജിലെ ഇല്ലിക്കുന്ന്- കയ്യാലി മുതല്‍ മണ്ണയാട് വരെയാണ് രണ്ടാം ഘട്ടം. മമ്മാക്കുന്ന് മുതല്‍ കക്കാട് വരെയുള്ളതാണ് മൂന്നാം ഘട്ടം. ആകെ 29 കിലോമീറ്ററിലാണ് കര കുഴിക്കേണ്ടത്. തുടർന്ന് 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കും. അതില്‍ 40 മീറ്റര്‍ വീതിയില്‍ 10 മീറ്ററിലധികം ആഴത്തില്‍ മണ്ണെടുക്കും. കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കീഴിലുള്ള കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ് ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

കരയിലൂടെയുള്ള ​ഗതാ​ഗതത്തിന്റെ സാധ്യത ഏറെയുള്ള കണ്ണൂരിൽ ഇത്തരമൊരു ജലപാത അനിവാര്യമല്ല. ഇനി ടൂറിസമാണ് ലക്ഷ്യമെങ്കിൽ ഇത്തരം കൃത്രിമ ജലപാത നിർമ്മിച്ചാണോ അത് നടപ്പിലാക്കേണ്ടത്?  ജലപാത  ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതികൾ നടപ്പിൽ വരുന്നതിനായി ആരാണ് ശ്രമിക്കുന്നത്? ആര്‍ക്കാണ് നിര്‍ബന്ധം ? ഒരു പ്രദേശത്തെ ഉപ്പുവെള്ളം കുടിപ്പിക്കുന്ന, അവരുടെ ജീവിതം ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. മറിച്ച് പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ നൂറുകണക്കിന് ജീവന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്ന് പാനൂര്‍ ഒറ്റ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കുകയാണ്....

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ