
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപ നിശാന്ത് എത്തിയതിന് എതിരെയാണ് പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തി.
എന്നാൽ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ നിലപാടെടുത്തു. ദീപാ നിശാന്തിനെ ഒഴിവാക്കില്ലെന്നും സംഘാടകർ അറിയിച്ചു. ദീപ നിശാന്ത് അടങ്ങുന്ന മൂന്നംഗ സംഘം വിധിനിർണ്ണയത്തിനായി എത്തിയതോടെ പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെ തുടർന്ന് ദീപ മൂല്യനിർണ്ണയ ചുമതലയിൽ നിന്ന് പിൻമാറിയേക്കുമെന്ന് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ വിധിനിർണ്ണയത്തിന് എത്തിയതോടെ കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്കെത്തി.
പ്രതിഷേധത്തെ തുടർന്ന് ഉപന്യാസ മത്സരത്തിന്‍റെ മൂല്യനിർണ്ണയും ആലപ്പുഴ സർക്കാർ സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വേദിയിലേക്ക് മാറ്റി. കെഎസ്‍യു വനിതാ വിഭാഗം പ്രവർത്തകർ ഇവിടേക്കാണ് പ്രതിഷേധവുമായി എത്തിയത്. ഗതാഗതം തടഞ്ഞ് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ദീപ മൂല്യനിർണ്ണയം നടത്തുന്നതിനെതിരെ കലോത്സവ വേദിയിൽ പ്രതിഷേധം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam