ഉന്നാവോ, കത്വ പീഡനം; തെരുവിലിറങ്ങി രാജ്യം

By Web DeskFirst Published Apr 15, 2018, 7:27 PM IST
Highlights
  • നീതി തേടി രാജ്യമെങ്ങും പ്രതിഷേധം

 

കത്വയിലെയും ഉന്നാവോയിലെയും പെണ്‍പീഡനങ്ങളുടെയും കാശ്മീരി പെണ്‍കുട്ടിയുടെ കൊലപാതകത്തിന്‍റെയും പശ്ചാത്തലത്തില്‍ നീതി തേടി രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നു. മെഴുകുതിരി കത്തിച്ചും പ്ലക് കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധകര്‍ തെരുവിലിറങ്ങി. ദില്ലി, മുംബൈ, ബംഗളുരു, ഗോവ, ഭോപ്പാല്‍, കേരളം എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. 

എന്‍റെ തെരുവില്‍ എന്‍റെ പ്രതിഷേധം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്  കേരളത്തില്‍ തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വൈകീട്ട് അഞ്ച് മുതല്‍ പ്ലക്ക് കാര്‍ഡുകളും പോസ്റ്ററുകളുമായാണ് ആളുകള്‍ കേരളത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. 

മാസങ്ങള്‍ക്ക് മുമ്പ് അതിക്രൂരമായീ പീഡിപ്പിക്കപ്പെട്ടതില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും കാണാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പതിനാറുകാരി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് ബിജെപി എംഎല്‍എയും സംഘവും ഉള്‍പ്പെട്ട പീഡന കേസ് പുറംലോകമറിഞ്ഞത്. എന്നാല്‍ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇനി തന്‍റെ അമ്മാവനും കൊല്ലപ്പെടുമോ എന്നാണ് ഭയമെന്ന് പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

എന്നാല്‍ ജനുവരി 17നാണ് കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

click me!