ഉക്രൈന്‍റെ മൂന്ന് കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു

By Web TeamFirst Published Nov 26, 2018, 11:46 AM IST
Highlights

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായതോടെ യു.എന്‍ രക്ഷാസമിതിയും അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രിയോടെ റഷ്യന്‍ എംബസ്സിക്കു മുന്നില്‍ പ്രതിഷേധം ആളിക്കത്തി

കീവ്: ഉക്രൈനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ഞായറാഴ്ച ഉക്രൈന്‍റെ മൂന്ന് കപ്പലുകള്‍ ക്രീമിയ കടലില്‍ റഷ്യ പിടിച്ചെടുത്തതാണ് പുതിയ പ്രശ്‌നം. റഷ്യന്‍ നാവികരുമായുള്ള സംഘര്‍ഷത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി  ഉക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധവും അരങ്ങേറി. വിഷയം പാര്‍ലമെന്റില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നു.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായതോടെ യു.എന്‍ രക്ഷാസമിതിയും അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രിയോടെ റഷ്യന്‍ എംബസ്സിക്കു മുന്നില്‍ പ്രതിഷേധം ആളിക്കത്തി. എംബസിക്കു മുന്നിലുണ്ടായിരുന്ന ഒരു കാറിന് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.  റഷ്യയുടെ നടപടി പ്രകോപനമില്ലാതെയുള്ളതും ഭ്രാന്തുപിടിച്ചതുമായിരുന്നുവെന്ന് പ്രസിഡന്റ് പെട്രോ പൊറോഷെങ്കോം ഉക്രൈന്‍ നാഷണല്‍ സെക്യൂരിറ്റി ആന്റ് ഡിഫന്‍സ് കൗണ്‍സിലില്‍ വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ നേരിടുന്നതിനുള്ള യുദ്ധ നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിയ റഷ്യയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 2014ലും മേഖലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. ഉക്രൈന്റെ എതിര്‍പ്പ് അവഗണിച്ച് ക്രിമിയ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഹിത പരിശോധന നടത്തിയതിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു.

click me!