കാപട്യമേ നിന്‍റെ പേരോ പിണറായി വിജയന്‍ ? പി.എസ് ശ്രീധരന്‍ പിള്ള

By Web TeamFirst Published Nov 8, 2018, 1:12 PM IST
Highlights

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മയുദ്ധമാണ്. ഈ ധര്‍മ്മയുദ്ധത്തില്‍ ഹിന്ദുമത വിശ്വാസികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ എല്ല മത വിശ്വാസികളും ഒരു ഭാഗത്ത്. മറുഭാഗത്ത് അവിശ്വാസികളാണ്. അറുപത് കൊല്ലമായി അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരന്തരമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എകെജി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. 

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനത്തെ മുന്‍നിര്‍ത്തി എന്‍ഡിഎ നടത്തുന്ന രഥയാത്ര കാസര്‍കോട് ജില്ലയിലെ മധൂരില്‍ സിദ്ധിവിനായ ക്ഷേത്ര പരിസരത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയത്. 

ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യൂദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ല മതവിശ്വാസികളും ഒപ്പമുണ്ടെന്ന് പി.എസ്.ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. കാപട്യമേ നിന്‍റെ പേരോ പിണറായി വിജയന്‍ എന്ന് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്നെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും. യുവമോർച്ച യോഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ധര്‍മ്മയുദ്ധമാണ്. ഈ ധര്‍മ്മയുദ്ധത്തില്‍ ഹിന്ദുമത വിശ്വാസികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ എല്ല മത വിശ്വാസികളും ഒരു ഭാഗത്ത്. മറുഭാഗത്ത് അവിശ്വാസികളാണ്. അറുപത് കൊല്ലമായി അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരന്തരമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എകെജി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. 

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് ഹൈക്കോടിതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത് ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ്. കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല. അതിനാല്‍ തന്നെ അതിന്‍റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു.  ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖയുമായാണ് പിഎസ് ശ്രീധരന്‍ പിള്ള പ്രസംഗം തുടര്‍ന്നത്. തെറ്റ് തിരുത്താന്‍ ക്യാംപെയിനും പ്രചരണവും വേണമെന്ന് സിപിഎം പറയുന്നു. പാര്‍ട്ടിക്കാര്‍ ലളിത ജീവിതം നയിക്കണമെന്നാണ് പാര്‍ട്ടി രേഖ പറയുന്നത്. സ്ത്രീ ധനം വാങ്ങരുതെന്നും പാര്‍ട്ടി രേഖ പറയുന്നു. ചില പാര്‍ട്ടി കേഡര്‍മാര്‍ ജാതിമത ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. അവര്‍ മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പാര്‍ട്ടി രേഖ പറയുന്നു. അഞ്ച് പതിറ്റാണ്ടായി സിപിഎം ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സുപ്രീംകോടതിയില്‍ നിന്ന് വീണ് കിട്ടിയ ഒരു വടി ഉപയോഗിച്ച് പാര്‍ട്ടിയുടെ വിശ്വാസത്തെ, ഈശ്വരാരാധനയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവസാനത്തെ ബിജെപി പ്രവര്‍ത്തകനും പോരാടുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. 

തന്‍റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. എറണാകുളത്ത് സിപിഎം പ്രവര്‍ത്തകനും കോഴിക്കോട് വീക്ഷണം റിപ്പോര്‍ട്ടറുമാണ് തനിക്കെതിരെ കേസ് കൊടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണ്. സിപിഎം ആര്‍ക്കെങ്കിലും മാപ്പെഴുതി തന്നിട്ടുണ്ടെങ്കില്‍ അത് എനിക്ക് മാത്രമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. എനിക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ താന്‍ വെറുതേയിരിക്കില്ലെന്നും തനിക്ക് എന്താണ് ചെയ്യേണ്ടതെന്നറിയാമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും. യുവമോർച്ച യോഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈകടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നും സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും രഥയാത്ര ഉദ്ഘാടനം ചെയ്ത് യെദിയൂരപ്പ
 ആരോപിച്ചു. ബിജെപി സുപ്രീം കോടതി വിധിക്ക് എതിരല്ല. ഭക്തരുടെ വികാരമാണ് സമരത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്.
 പ്രശ്നങ്ങൾ തീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും യെദ്യൂരപ്പ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളിയും നയിക്കുന്ന രഥയാത്ര 13 ന് സമാപിക്കും. 
 

click me!