മെസിയെ കൈവിട്ട് കുടീന്യോ; ലോകറെക്കോര്‍ഡ് തുകയ്ക്ക് പുതിയ ക്ലബിലേക്ക്

By Web DeskFirst Published Jul 9, 2018, 5:01 PM IST
Highlights
  • ലിവര്‍പൂളില്‍ നിന്ന് ആറ് മാസം മുമ്പാണ് താരം ന്യൂ കാമ്പിലെത്തിയത്

മാഡ്രിഡ്: ലോകകപ്പില്‍ വലിയ പ്രതീക്ഷയുമായെത്തി തകര്‍ന്ന മുഖവുമായി മടങ്ങിയ ലിയോണല്‍ മെസി ഇപ്പോള്‍ ക്ലബ് ഫുട്ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാഴ്സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ടീമിനെ ശക്തിപ്പെടുത്തുകയെന്ന പരിശ്രമത്തിലാണ് അര്‍ജന്‍റീനയുടെ നായകന്‍.

ബ്രസീലിന്‍റെ വില്യാനെയും ഫ്രാന്‍സിന്‍റെ പോഗ്ബയെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് മെസി നടത്തി വരുന്നത്. അതിനിടയിലാണ് മെസിക്കും ബാഴ്സ ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇനിയേസ്റ്റയ്ക്ക് ശേഷം ബാഴ്സയുടെ മിഡ് ഫീല്‍ഡില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബ്രസീലിന്‍റെ ഫിലിപ്പെ കുടീന്യോ മെസിയെ കൈവിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മര്‍ കളിക്കുന്ന പിഎസ്ജിയാകും കുടീന്യോയുടെ പുതിയ തട്ടകമെന്നാണ് വ്യക്തമാകുന്നത്. ലിവര്‍പൂളില്‍ നിന്ന് ആറ് മാസം മുമ്പാണ് താരം ന്യൂ കാമ്പിലെത്തിയത്. 22 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ കുടീന്യോ നിരവധി ഗോളവസരങ്ങള്‍ ഉണ്ടാക്കുകയും ഗോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

ലോകറെക്കോര്‍ഡ് തുകയ്ക്കാകും താരം പാരിസ് സെന്‍റ് ജെര്‍മനിലെത്തുകയെന്നാണ് സ്പോര്‍ട്സ് കീഡയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ വിപണിയിലെ നിലവിലെ റെക്കോര്‍ഡ് തുക നെയ്മറുടെ പേരിലാണുള്ളത്. കുടീന്യോയുടെ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമായാല്‍ നെയ്മറുടെ റെക്കോര്‍ഡ് അടക്കം പഴങ്കഥയാകും.

220 മില്യണ്‍ യുറോയ്ക്കാണ് നെയ്മര്‍ ബാഴ്സയില്‍ നിന്ന് പിഎസ്ജിയിലെത്തിയതെങ്കില്‍ കുടീന്യോയ്ക്ക് 270 മില്യണ്‍ യൂറോയാണ് ഓഫറെന്ന് പ്രശസ്ത സ്പോര്‍ട്സ് മാധ്യമമായ ഗോള്‍ ഡോട്ട് കോമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് 2184 കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്കാകും കുടീന്യോയുടെ ട്രാന്‍സ്ഫര്‍. നെയ്മറിനൊപ്പം കുടീന്യോ കൂടി പിഎസ്ജിയുടെ ജെഴ്സി അണിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ആവേശകരമാകുമെന്ന ആഹ്ളാദത്തിലാണ് ആരാധകര്‍.

 

 

click me!