വിദ്യാസമ്പന്നരുടെ ഇടയില്‍ പിന്തിരിപ്പന്‍ ആശയങ്ങളുടെ കടന്നുകയറ്റം ഭയപ്പെടുത്തുന്നു: ഡോ സി ജെ ജോണ്‍

By Elsa TJFirst Published Dec 16, 2017, 10:23 AM IST
Highlights

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് വിലക്കിയതിനെതിരെ പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ സി ജെ ജോണ്‍. ഇത്തരം നിലപാടുകളും സ്വാശ്രയ കോളേജുകളുടെ പാത പിന്തുടര്‍ന്നുള്ള പള്ളിക്കൂടവല്‍ക്കരണവും ആരോഗ്യപരിപാലന മേഖലയിലും സമൂഹത്തിലും ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും  ഡോ സി ജെ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

അറിവും വിദ്യാഭ്യാസവുമുണ്ടെന്ന് കണക്കുകൂട്ടുന്ന ഒരു സമൂഹത്തിന്റെ ഇടയില്‍ നിന്ന് ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് പ്രോല്‍സാഹിക്കപ്പെടാന്‍ കഴിയില്ല. മെഡിക്കല്‍ കോളേജിലെ ക്ലാസ് മുറികളുടെ ഭൗതിക സാഹചര്യങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മാറ്റമുണ്ടായിട്ടില്ല.  വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നായാലും വേറിട്ടായാലും തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് നല്ല കാര്യമല്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ അച്ചടക്കത്തിന്റെ പേരില്‍ സ്വീകരിക്കുന്ന നടപടികളുടെ പാത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പിന്തുടരുന്നത് ആശാസ്യമല്ല.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മനുഷ്യ ശരീരത്തെക്കുറിച്ച് അറിവുള്ളവരാണ്. അവരില്‍ ഇത്തരത്തിലുള്ള വേര്‍തിരിയ്ക്കുന്ന രീതിയിലുള്ള പ്രവണത സൃഷ്ടിക്കുന്നത് പിന്നീടങ്ങോട്ട് അവരുടെ കരിയറിനെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവേ വിദ്യാഭ്യാസം ലഭിക്കുന്നതിനെ അനുസരിച്ച് സാംസ്കാരിക നിലവാരം ഉയരുന്നുവെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ സാംസ്കാരിക നിലവാരം ഉയര്‍ന്നവരെന്ന് കണക്കുകൂട്ടുന്നവര്‍ക്കിടയിലും ഇത്തരം ഇടുങ്ങിയ ചിന്താഗതി ഇടം പിടിക്കുന്നത് ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ല.

സ്ഥലപരിമിതി മൂലമാണ് ഇങ്ങനൊരു നിര്‍ദേശം നല്‍കിയതെന്ന് പറഞ്ഞ് അധ്യാപകര്‍ക്ക് ഇപ്പോള്‍ തലയൂരാന്‍ സാധിക്കുമെങ്കിലും ഇത്തരം നിലപാടുകള്‍ ദൂരവ്യാപകമായി ദോഷം ഉണ്ടാക്കും. ഇത്തരം വേര്‍തിരിവുകള്‍ പൊതുസമൂഹത്തില്‍ മുന്‍വിധികള്‍ സൃഷ്ടിക്കാന്‍ കാരണമാകും. തങ്ങള്‍ പഠിച്ചിരുന്ന കാലത്ത് ഇത്തരം വേര്‍തിരിവുകള്‍ നേരിട്ടിരുന്നില്ലെന്നും മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ സി ജെ ജോണ്‍ വ്യക്തമാക്കുന്നു.

മറ്റുള്ള സ്ഥലങ്ങള്‍ക്ക് മാതൃകയാവേണ്ട സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ല. വ്യക്തിവൈരാഗ്യത്തിനായി ഇന്റേണല്‍ മാര്‍ക്കിനെ ഉപയോഗിക്കുന്നതിനെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. അപകടകരമായ ഒരു പ്രവണതയാണ് അത്. വിദ്യാര്‍ഥികള്‍ക്ക് ഭൗതിക സാഹചര്യമൊരുക്കേണ്ടത് മെഡിക്കല്‍ കോളേജിന്റെ ഉത്തരവാദിത്ത്വമാണ്. 

മികച്ച ഭൗതീക സാഹചര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ശ്രമിക്കേണ്ടത്. അല്ലാതെ വേര്‍തിരിവുകള്‍ ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. വിദ്യാസമ്പന്നരുടെ ഇടയിലേയ്ക്ക് ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളുടെ കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും സി ജെ ജോണ്‍ വ്യക്തമാക്കി.

click me!