
തൃശൂര്‍: തൃശൂരില്‍ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്നതിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്‍റെ ജയിൽ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്‍റെ നാട്ടുകാരാണ് അന്തിക്കാടിന് സമീപം മുറ്റിച്ചൂരിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് യോഗം വിളിച്ചിരിക്കുന്നത്. നിഷാം കാരുണ്യവാനാണെന്നും ചന്ദ്രബോസിന്‍റെ മരണം യാദൃച്ഛികമെന്നും വിശദീകരിച്ച് നോട്ടീസ് പ്രചാരണവും തുടങ്ങി.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര വാഹനമിടിച്ചും മർദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. നിഷാമിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അന്തിക്കാട് മുറ്റിച്ചൂരിൽ നിഷാമിന്‍റെ സുഹൃത്തുക്കളും തൊഴിലാളികളും പൊതുയോഗം വിളിച്ചിരിക്കുന്നത്.
നിഷാമിനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രചരിപ്പിക്കുന്ന ലഘുലേഖയിൽ നിഷാമിനെ വാനോളം പുകഴ്ത്തുന്നുമുണ്ട്. പൊതുകാരുണ്യ ധനസഹായിയെന്നും കായിക സംരഭ പ്രവർത്തകനെന്നുമൊക്കെയാണ് ലഘുലേഖയിൽ കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങൾ. ചന്ദ്രബോസിന്‍റെ കൊലപാതകം യാദൃച്ഛികമായുണ്ടായതാണെന്നും മാധ്യമങ്ങൾ നിഷാമിനെ ഭീകരനാക്കി ചിത്രീകരിച്ചെന്നും ലഘുലേഖയിൽ പറയുന്നു. നിഷാം ജയിലിൽ കിടക്കുന്നത് സ്ഥാപനങ്ങളിലെ തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുയോഗം. പൊതുആവശ്യം എന്ന പേരിൽ പരോൾ സംഘടിപ്പിക്കാനുള്ള നീക്കമാണിതെന്നും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam