ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ആവർത്തിച്ച് ചൈന

By Web DeskFirst Published Aug 3, 2017, 8:28 AM IST
Highlights

ദില്ലി: ഇന്തോ ചൈന അതിർത്തിയിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ആവർത്തിച്ച് ചൈന സ്വരം കടുപ്പിക്കുന്നു. സംഘർഷം നിലനിൽക്കുന്ന ദോക്‌ലാമിൽനിന്ന് ഇന്ത്യൻ സൈന്യം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് ചൈന പ്രസ്താവന പുറപ്പെടുവിച്ചു. ചൈനയുടെ പരമാധികാരവും രാജ്യാന്തര നിയമങ്ങളും ഇന്ത്യ പാലിച്ചില്ലെങ്കിൽ വെറുതേയിരിക്കില്ല. എന്നാൽ ചൈനയുടെ ആവശ്യം തള്ളിയ ഇന്ത്യ ദോക്‍ലാം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നും സൈന്യം അതിർത്തിയിൽ തുടരുമെന്നും അറിയിച്ചു

ദില്ലിയിലെ ചൈനീസ് എംബസിയാണ് 15 പേജുള്ള പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യ, ചൈന , ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക്‍ലാമിൽ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചെന്നും ചൈനയുടെ പരമാധികാരത്തിലുള്ള പ്രദേശത്ത് നടന്നുവന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയെന്നും ചൈന ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ മാസം 18ന് ഇന്ത്യൻ സേനയുടെ അതിർത്തിക്കപ്പുറം നൂറു മീറ്ററോളം കടന്നുകയറിയെന്നും ജൂലൈ മാസത്തോടെ 180 മീറ്ററോളം മുന്നേറിയ നാനൂറോളം വരുന്ന സേനാംഗങ്ങൾ ചൈനീസ് പ്രദേശത്ത് കൂടാരങ്ങൾ സ്ഥാപിച്ചുവെന്നുമാണ്  ചൈനയുടെ ആരോപണം.

 40 ഇന്ത്യൻ സേനാംഗങ്ങളും ഒരു ബുൾ ഡോസറും ഇപ്പോഴും ചൈനീസ് മണ്ണിൽ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. പ്രദേശത്തിന്‍റെ വിശദമായ ഭൂപടവും പ്രസ്താവനയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്. ചൈനയുടെ സുരക്ഷ അപകടത്തിലാണെന്നും രാജ്യത്തിന്‍റെ  ഭൂമിശാസ്ത്രപരമായ പരമാധികാരവും രാജ്യാന്തര നിയമങ്ങളും ഇന്ത്യ അംഗീകരിച്ചില്ലെങ്കിൽ വെറുതേയിരിക്കില്ലെന്നും ചൈന പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.  

എന്നാൽ ദോക്‍ലാമിലെ ചൈനയുടെ റോഡ് നിർമ്മാണം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിൽ നിന്ന് വേർതിരിക്കുമെന്നാണ് ഇന്ത്യൻ ആശങ്ക.  അതിർത്തിയിൽ സമാധാനം നിലനിൽക്കുക  എന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ അംഗീകരിച്ച് മുൻ വ്യവസ്ഥകൾ പാലിക്കേണ്ടത് നിർണ്ണായകമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതായാലും ഇന്ത്യയും ചൈനയും നിലപാടുകളിൽ ഉറച്ചുനിൽക്കുന്പോൾ സിക്കിം സെക്ടറിൽ പിരിമുറുക്കം ഏറുകയാണ്.

click me!