
കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനി പോലീസ് കസ്റ്റഡിയില്‍. എറണാകുളം എസിജെഎം കോടതിയിൽ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ് പിടികൂടിയത്. ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങാനാണ് പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങാന്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു.
അതിനാല്‍ കോയമ്പത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതിയില്‍ എത്തി. എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു,
സംഭവങ്ങള്‍ ഇങ്ങനെ
പള്‍സര്‍ ബൈക്കിലാണ് ഇവര്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെത്തിയത്. അവിടെ നിന്ന് മതില്‍ ചാടിക്കടന്നാണ് പുതിയ കോടതി കോംപ്ലക്സിലെ ഒന്നാം നിലയിലെത്തിയത്. ഇത് സംബന്ധിച്ച് ഇവര്‍ക്ക് അഭിഭാഷകരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നാണ് സൂചന. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കോടതിയില്‍ കീഴടങ്ങാനായിരുന്നു തീരുമാനം. കോടതി വരാന്തയില്‍ എത്തിയ ഇവരെ മഫ്തിയില്‍ നില്‍ക്കുയായിരുന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞു. കീഴടങ്ങാന്‍ അനുവദിക്കില്ലെന്നും നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്നും മഫ്തിയിലുള്ള പൊലീസുകാര്‍ പറഞ്ഞതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച ഇവര്‍ കോടതി ഹാളിലേക്ക് ഓടിക്കയറി. പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ സമയത്ത് മജിസ്ട്രേറ്റ് കോടതി ഹാളില്‍ ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനായി മജിസ്ട്രേറ്റ് തന്റെ ചേമ്പറിലേക്ക് മടങ്ങിയ സമയമായിരുന്നതിനാല്‍ കോടതി ഹാളിനുള്ളില്‍ കടന്ന് പൊലീസ് ഇവര പിടികൂടി. അപ്പോഴേക്കും സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി.
ഇരുവരുടെയും അഭിഭാഷകര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ ഇത് വകവെയ്ക്കാതെ ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുത്തു. കോടതിയിലെ ജനല്‍ കമ്പിയില്‍ പിടിച്ച് നിന്നെങ്കിലും പൊലീസുകാര്‍ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കോടതിയില്‍ നിന്ന് പുറത്തിറക്കി. ഉടനെ തന്നെ പൊലീസ് വാഹനം എത്തിച്ച് ഇവരെ അതില്‍ കയറ്റി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇവരെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യും. കീഴടങ്ങാന്‍ അനുവദിക്കാത്തതിനാല്‍ ഇവരെ ഇനി 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയാവും. അതേസമയം കോടതിയില്‍ കടന്ന് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും ഇത് ഉച്ചക്ക് ശേഷംകോടതിയില്‍ ഉന്നയിക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam