പുല്‍വാമ ഭീകരാക്രമണം: മൂന്ന് ഭീകരരെയും വധിച്ചു, കശ്മീരില്‍ കനത്ത ജാഗ്രത

By Web DeskFirst Published Jan 1, 2018, 4:23 PM IST
Highlights

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. കാണാതായ ഒരു ഭീകരന്‍റെ മൃതദേഹം കണ്ടെത്തിയതോടെ സൈന്യം നടപടികള്‍ അവസാനിപ്പിച്ചു. അതേസമയം കശ്മീരില്‍ കനത്ത ജാഗ്രതയിലാണ് സേന.

ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരു വിഭാഗം ആളുകൾ പുൽവാമയിൽ സൈന്യത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്.  ജവന്മാരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് ഉറപ്പുനൽകുന്നതായി രാജ്നാഥ് സിങ് പ്രതികരിച്ചു.

ജയ്ഷേമുഹമ്മദ് കമാണ്ടറായിരുന്ന നൂര്‍ മുഹമ്മദിനെ സൈന്യം വധിച്ചതിന് പിന്നാലെയാണ് മേഖലയില്‍ ഭീകരാക്രമണം തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് സി.ആര്‍.പി.എഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ സൈനികരെ വധിക്കാനായത്. കരസേനയുടെ തീവ്രവാദ വിരുദ്ധ സേനയാണ് ഓപ്പറേഷന്‍ നടത്തിയത്. 

തീവ്രവാദികളുടെ സാന്നിധ്യം താഴ്വരയിൽ കൂടിവരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സൈന്യം. പ്രാദേശിക തീവ്രവാദ വിഭാഗമാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് സൈന്യം കണക്കാക്കുന്നത്. താഴ്വരയിലെ സംഘര്‍ഷങ്ങൾക്കൊപ്പം അതിര്‍ത്തിയിലും പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ പാക് സേനയുടെ വെടിയേറ്റ് ഒരു സൈനികൻ മരിച്ചിരുന്നു. ഇന്ന് പൂഞ്ച് മേഖലയിലും പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്തു.

click me!