
പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഒറ്റഘട്ടമായി അടുത്ത മാസം 4ന് ആണ് വോട്ടെടുപ്പ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 18 ആണ്. സുക്ഷ്മ പരിശോധന 19ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്. പന്ത്രണ്ടു ദിവസത്തെ പ്രചരണ സമയമേ ഇതിനു ശേഷം സ്ഥാനാർത്ഥികൾക്ക് കിട്ടൂ. പഞ്ചാബിൽ ബിജെപി അകാലിദൾ സഖ്യം തുടരുമ്പോൾ കോൺഗ്രസ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ വൻമുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഭരണവിരുദ്ധ വികാരം പ്രകടമായ സംസ്ഥാനത്ത് അകാലിദൾ വിരുദ്ധ വോട്ടുകൾ കോൺഗ്രസിനും എഎപിക്കുമിടയിൽ ഭിന്നിച്ചു പോയാലേ എൻഡിഎയ്ക്ക് പ്രതീക്ഷയുള്ളു. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള എഎപി ശ്രമം സമവായങ്ങൾ മാറ്റിയേക്കും.
ഗോവയിലും എഎപി വലിയ ശക്തിയായി ഉയരുന്നുണ്ട്. എന്നാൽ കോൺഗ്രസിലെ പടലപിണക്കം ബിജെപിക്ക് മുതൽകൂട്ടാണ്. ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടപ്പ് ഫെബ്രുവരി 11നാണ്. ഇതിനുള്ള വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന ആരോപണത്തിൽ ബിജെപി നേതാവ് സാക്ഷി മഹാരാജിന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്കിയിരുന്നു.
ഇന്ന് വിശദീകരണം നല്കാനാണ് നിർദ്ദേശം. ബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി നല്കിയ മറുപടി പരിശോധിക്കുന്ന കമ്മീഷൻ ഈയാഴ്ച തന്നെ തീരുമാനം പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam